ജി 20 ഉച്ചകോടിക്ക് ഇനി നാല് നാൾ; തലസ്ഥാനത്ത് വിപുലമായ സൗകര്യങ്ങള്‍

ശനി, ഞായർ ദിവസങ്ങളിൽ ഡൽഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി

Update: 2023-09-05 01:23 GMT
Editor : Jaisy Thomas | By : Web Desk

ഡല്‍ഹി പൊലീസ്

Advertising

ഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിക്ക് ഇനി നാല് നാൾ. ശനി, ഞായർ ദിവസങ്ങളിൽ ഡൽഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി. ജി20ക്ക് വിപുലമായ സൗകര്യങ്ങളാണ് രാജ്യ തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.

രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുമ്പോഴാണ് ഇന്ത്യയുടെ അധ്യക്ഷപദം. ജി 20 ലൂടെ ലോകം ഒരിക്കൽ കൂടി ഇന്ത്യയിലേക്ക് കണ്ണുറപ്പിക്കുകയാണ്.ഉച്ചകോടിക്കെത്തുന്ന രാഷ്ട്രത്തലവന്മാർക്ക് ആതിഥ്യമരുളാനായി മാസങ്ങൾക്ക് മുമ്പേ ഡൽഹി ഒരുങ്ങി തുടങ്ങിയിരുന്നു. 7500 പേർക്ക് ഇരിക്കാവുന്ന കൺവെൻഷൻ സെന്‍റർ, വിശാലയ ജി20 സമ്മിറ്റ് റൂം, ഇന്‍റർനാഷണൽ മീഡിയ സെന്‍റര്‍ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഒരു ചുവടുപോലും പിഴക്കാതെ പഴുതടച്ച സുരക്ഷയാണ് രാജ്യതലസ്ഥാനത്ത്. രാഷ്ട്രത്തലവന്മാരും പ്രതിനിധികളുമടക്കം എത്തുന്നതിനാൽ ഓരോ അണുവിലും ജാഗ്രത പുലർത്തുകയാണ് സുരക്ഷാസേനകൾ.വ്യോമസേന, കരസേന, അർധസൈനിക വിഭാഗങ്ങൾ, ഡൽഹി പൊലീസ് എന്നിവരുടെ കർശന നിരീക്ഷണത്തിലാണ് നഗരം. ആന്‍റ് ഡ്രോൺ സംവിധാനങ്ങൾ ഉൾപ്പെടെ തയാറായിക്കഴിഞ്ഞു. 400 അഗ്നിശമന സേനാംഗങ്ങളും ഏതു സാഹചര്യത്തെയും നേരിടാൻ തയാർ. പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിൽ പ്രത്യേക സെക്യൂരിറ്റി കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചു. യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ഉൾപ്പെടെ വിവിഐപികൾ താമസിക്കുന്ന ഐടിസി മൗര്യയിൽ അടക്കം എല്ലാ ഹോട്ടലുകളിലും കർശന സുരക്ഷ ഒരുക്കി.

സമ്മേളനത്തിന് എത്തുന്ന ലോകനേതാക്കൾക്കു വേദിയിലേക്കു പോകാനും വരാനും 20 ബുള്ളറ്റ് പ്രൂഫ് ലിമോസിൻ കാറുകൾ സജ്ജമാക്കി. 20 അംഗരാജ്യങ്ങളുടെ തലവന്മാർക്ക് പുറമേ ക്ഷണിക്കപ്പെട്ട ഒമ്പത് രാജ്യങ്ങളുടെ ഭരണാധികാരികൾ, ഐക്യരാഷ്ട്രസഭ ഉൾപ്പെടെ 14 രാജ്യാന്തര സംഘടനകളുടെ മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.വസുധൈവ കുടുംബകം എന്നതാണ് പ്രമേയം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News