സിദ്ധു മൂസെ വാലയെ കൊലപ്പെടുത്തിയത് എന്തിന്?; ഗുണ്ടാത്തലവൻ ഗോൾഡി ബ്രാറിന്റെ പ്രതികരണം ഇങ്ങനെ

2022 മേയ് 29ന് വൈകിട്ടാണ് പഞ്ചാബി ​ഗായകനായ സിദ്ധു മൂസെവാല കൊല്ലപ്പെട്ടത്.

Update: 2025-06-11 12:41 GMT

ന്യൂഡൽഹി: 2022 മേയ് 29ന് വൈകിട്ട് തന്റെ എസ്‌യുവിയിൽ യാത്ര ചെയ്യുമ്പോഴാണ് പഞ്ചാബി ഗായകനായ സിദ്ധു മൂസെ വാല കൊല്ലപ്പെട്ടത്. പഞ്ചാബിലെ മാൻസ ജില്ലയിൽവെച്ച് കൊലയാളികൾ അദ്ദേഹത്തിന്റെ വാഹനം തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നു. നൂറിലധികം വെടിയുണ്ടകളാണ് സിദ്ധു മൂസെ വാലയുടെ വാഹനത്തിൽ പതിച്ചത്.

കൊലപാതകം നടന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷം കേസിലെ മുഖ്യപ്രതി സതീന്ദർജിത് സിങ് എന്ന ഗോൾഡി ബ്രാർ കൊലപാതകത്തിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്. ബിബിസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഗോൾഡി ബ്രാറിന്റെ വെളിപ്പെടുത്തൽ.

Advertising
Advertising

''അഹങ്കാരം കൊണ്ട് അവൻ പൊറുക്കാനാവാത്ത ചില തെറ്റുകൾ ചെയ്തു. ഞങ്ങൾക്ക് അവനെ കൊല്ലുകയല്ലാതെ മറ്റു വഴികളില്ലായിരുന്നു. അവന്റെ പ്രവൃത്തിയുടെ ഫലമാണ് അവൻ അനുഭവിച്ചത്''-ഗോൾഡി ബ്രാർ പറഞ്ഞു.

പഞ്ചാബിലെ മുക്തസർ സാഹിബ് സ്വദേശിയായ ഗോൾഡി ബ്രാർ ജയിലിൽ കഴിയുന്ന ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ അടുത്ത അനുയായിയാണ്. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രാറിനെ യുഎപിഎ പ്രകാരം സർക്കാർ തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റർപോൾ അദ്ദേഹത്തിനെതിരെ റെഡ്‌കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

ഇന്ത്യ-പാകിസ്താൻ അതിർത്തിയിലൂടെ ഡ്രോണുകൾ വഴി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കടത്തുന്ന ഒരു ശൃംഖലയുടെ ഭാഗമാണ് ബ്രാർ എന്ന് ആഭ്യന്തരമന്ത്രാലയം ഒരു വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു. നിരോധിത ഗ്രൂപ്പായ ബബ്ബർ ഖൽസ ഇന്റർനാഷണലുമായും ബ്രാറിന് ബന്ധമുണ്ട്. കൊലപാതകങ്ങൾ, തീവ്രവാദ ഗ്രൂപ്പുകളുടെ റിക്രൂട്ട്‌മെന്റ്, മറ്റ് ദേശവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിലൂടെ പഞ്ചാബിലെ സമാധാനവും ക്രമസമാധാനവും തകർക്കാൻ ഗൂഢാലോചന നടത്തിയെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞിരുന്നു.

ലോറൻസ് ബിഷ്‌ണോയിയും സിദ്ധു മൂസെവാലയും തമ്മിൽ ബന്ധമുണ്ടായിരുന്നു എന്ന് ഗോൾഡി ബ്രാർ പറഞ്ഞു. പഞ്ചാബിൽ നടന്ന ഒരു കബഡി ടൂർണമെന്റുമായി ബന്ധപ്പെട്ടാണ് സിദ്ധുവുമായി പ്രശ്‌നങ്ങൾ തുടങ്ങിയത്. തങ്ങളുടെ എതിരാളികൾ വരുന്ന ഗ്രാമത്തിലായിരുന്നു മത്സരം നടന്നത്. സിദ്ധു തങ്ങളുടെ എതിരാളികളെ പ്രോത്സാഹിപ്പിച്ചു. ബിഷ്‌ണോയിയുടെ സുഹൃത്തും മധ്യസ്ഥനുമായ മുദ്ദുഖേരയുടെ ഇടപെടലിലൂടെ പ്രശ്‌നങ്ങൾ കുറഞ്ഞിരുന്നു. പക്ഷേ മിദ്ദുഖേര 2021 ആഗസ്റ്റിൽ മൊഹാലിയിൽവെച്ച് വെടിയേറ്റു മരിച്ചു.

സിദ്ധുവിന്റെ പങ്ക് എല്ലാവർക്കും അറിയാമായിരുന്നു, പൊലീസിനും മാധ്യമപ്രവർത്തകർക്കും എല്ലാം അറിയാം. രാഷ്ട്രീയക്കാരും അധികാരികളുമായി സിദ്ധുവിന് അടുത്ത ബന്ധമുണ്ടായിരുന്നു. രാഷ്ട്രീയ അധികാരവും പണവും തന്റെ സ്വാധീനവുമെല്ലാം തങ്ങളുടെ എതിരാളികളെ സഹായിക്കാനാണ് സിദ്ധു ഉപയോഗപ്പെടുത്തിയത്. അവൻ ചെയ്തതിന് ശിക്ഷ അനുഭവിക്കേണ്ടിയിരുന്നു. അവനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്‌ക്കേണ്ടിയിരുന്നു. പക്ഷേ, ആരും തങ്ങൾ പറഞ്ഞത് കേട്ടില്ല. അതുകൊണ്ട് അത് തങ്ങൾ സ്വയം ഏറ്റെടുത്തു. മാന്യത ബധിര കർണങ്ങളിൽ വീണപ്പോൾ അത് തുറക്കാൻ വെടിയൊച്ചകൾ വേണ്ടിവന്നു-ബ്രാർ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News