എട്ട് മണിക്കൂർ നീണ്ട പരിശ്രമം വിഫലം; ​ഗുജറാത്തിൽ കുഴൽക്കിണറിൽ നിന്ന് രക്ഷപെടുത്തിയ രണ്ടര വയസുകാരി മരിച്ചു

ഉച്ചയ്ക്ക് ഒരു മണിയോടെ വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുഞ്ഞ്. കളിക്കിടെ, വീടിനടുത്ത് ഉണ്ടായിരുന്ന മൂടാത്ത കുഴൽക്കിണറിൽ വീഴുകയായിരുന്നു.

Update: 2024-01-02 16:40 GMT
Advertising

അഹമ്മദാബാദ്: ​ഗുജറാത്തിൽ കുഴൽക്കിണറിൽ വീണ പിഞ്ചുകുഞ്ഞിനെ എട്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തെങ്കിലും ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് മരിച്ചു. ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിലെ റാൻ ​ഗ്രാമത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരിയാണ് മരണത്തിന് കീഴടങ്ങിയത്. എയ്ഞ്ചൽ സഖ്രയെന്ന കുഞ്ഞാണ് മരിച്ചത്.

കുഴൽക്കിണറിൽ നിന്ന് പുറത്തെടുക്കുമ്പോൾ കുഞ്ഞ് അബോധാവസ്ഥയിലായിരുന്നുവെന്ന് ജില്ലാ കലക്ടർ അശോക് ശർമ പറഞ്ഞു. സംഭവ സ്ഥലത്ത് മെഡിക്കൽ സംഘത്തോടൊപ്പം ആശുപത്രിയിൽ നിന്നുള്ള ഒരു ശിശുരോഗ വിദഗ്ധനും ഉണ്ടായിരുന്നുവെന്ന് ജാം ഖംബാലിയ ജനറൽ ആശുപത്രിയിലെ റസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ. കേതൻ ഭാരതി പറഞ്ഞു. പെൺകുട്ടിയെ കുഴൽക്കിണറിൽ നിന്ന് പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ തന്നെ ചികിത്സ ആരംഭിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് അവൾ മരിച്ചതായും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച രാത്രി 10.30ഓടെയാണ് കു‍ഞ്ഞ് മരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ റാൻ ​ഗ്രാമത്തിലെ വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുഞ്ഞ്. കളിക്കിടെ, വീടിനടുത്ത് ഉണ്ടായിരുന്ന മൂടാത്ത കുഴൽക്കിണറിൽ വീഴുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാരും അയൽക്കാരും നടത്തിയ തെരച്ചിലിൽ കുഞ്ഞ് കുഴൽക്കിണറിന്റെ ഏകദേശം 30 അടി താഴ്ചയിൽ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി.

വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ റവന്യൂ, പൊലീസ് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. തുടർന്ന്, ജാംനഗറിൽ നിന്നുള്ള തദ്ദേശഭരണ ഉദ്യോഗസ്ഥരും റിലയൻസ് ഇൻഡസ്ട്രീസിലെ സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തനത്തിന് സഹായം വാഗ്ദാനം ചെയ്തു.

ഇതിനിടെ, പ്രാദേശിക ടെലിവിഷൻ ചാനലുകൾ വഴി രക്ഷാപ്രവർത്തനം വീക്ഷിച്ചുകൊണ്ടിരുന്ന ഒരാൾ നൈറ്റ് വിഷൻ ക്യാമറയുമായി സ്ഥലലെത്തി. “കുട്ടിയുടെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിക്കാൻ ഞങ്ങൾ ആ ക്യാമറ ഉപയോഗിച്ചു. ഒരു ലൂപ്പ് മെക്കാനിസം സൃഷ്ടിച്ച് കുട്ടിയെ പുറത്തെടുക്കാൻ ഞങ്ങൾ ശ്രമിച്ചെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായി"- കലക്ടർ ശർമ പറഞ്ഞു.

പെൺകുട്ടിയെ രക്ഷിക്കാൻ അവളുടെ കൈ കയറുകൊണ്ട് ബന്ധിച്ചതായും സ്ഥിരത നൽകാൻ എൽ ആകൃതിയിലുള്ള കൊളുത്ത് ഇടുകയും ചെയ്തു. തുടർന്ന് സമാന്തരമായി കുഴിയുണ്ടാക്കി എട്ട് മണിക്കൂറിന് ശേഷം അവളെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല- എൻഡിആർഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News