'ഗവർണർ അഴിമതിക്കാരനാണ്'; ജഗ്ദീപ് ധാങ്കറിനെതിരെ ആക്രമണം കടുപ്പിച്ച് മമത

1993ലെ ജെയിൻ ഹവാല കേസിലെ കുറ്റപത്രത്തിൽ ധാങ്കറിന്‍റെ പേരുമുണ്ടെന്ന് മമത ബാനർജി സൂചിപ്പിച്ചു

Update: 2021-06-28 14:15 GMT
Editor : Shaheer | By : Web Desk

ബംഗാൾ ഗവർണർ ജഗ്ദീപ് ധാങ്കറിനെതിരെ ആക്രമണം കടുപ്പിച്ച് മമത ബാനർജി. ധാങ്കര്‍ അഴിമതിക്കാരനാണെന്നും അദ്ദേഹത്തെ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നുതവണ കേന്ദ്രത്തിന് കത്തെഴുതിയതാണെന്നും മമത പറഞ്ഞു. ജെയിൻ ഹവാല കേസ് ചൂണ്ടിക്കാണിച്ചാണ് ബംഗാൾ മുഖ്യമന്ത്രി ഇപ്പോള്‍ ഗവർണർക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ബംഗാൾ ഗവർണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഞാൻ മൂന്നു കത്തുകളെഴുതിയിട്ടുണ്ട്. അയാൾ അഴിമതിക്കാരനാണ്. 1996ലെ ജെയിൻ ഹവാല കേസിലെ കുറ്റപത്രത്തിൽ ധാങ്കറിന്‍റെ പേരുമുണ്ടായിരുന്നു-വാർത്താസമ്മേളനത്തിൽ മമത ആരോപിച്ചു.

Advertising
Advertising

ഈ സർക്കാരിന് വലിയ ജനപിന്തുണ ലഭിച്ചിട്ടും ഗവർണർ എന്തിനാണ് ഇപ്പോഴും ഇങ്ങനെ ഉത്തരവുകൾ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നതെന്നും മമത ചോദിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ഗവർണറും മമത ബാനർജിയും തമ്മിൽ ശക്തമായ ഏറ്റുമുട്ടലാണ് നടന്നുകൊണ്ടിരിക്കുന്നത്. തൃണമൂൽ സർക്കാരിനെതിരെ പലപ്പോഴായി വിവാദ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു ജഗ്ദീപ് ധാങ്കര്‍. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം നടന്ന അക്രമസംഭവങ്ങള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാസ് ചുഴലിക്കാറ്റ് അവലോകന യോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവാദങ്ങളിലെല്ലാം സര്‍ക്കാരിനെ ധാങ്കര്‍ വിമര്‍ശിച്ചിരുന്നു.

1990കളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വിവാദമാണ് ജെയിൻ ഡയറീസ് എന്നും ജെയിൻ ഹവാല കേസ് എന്നും അറിയപ്പെടുന്ന അഴിമതിക്കേസ്. ഇടനിലക്കാരായ ജെയിൻ സഹോദരങ്ങൾ വഴി രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ കോടികള്‍ കൈപ്പറ്റിയതാണ് കേസ്. 18 മില്യൻ ഡോളറിന്റെ(ഏകദേശം നൂറുകോടി രൂപ) ഇടപാടാണ് ഇതുവഴി നടന്നത്. രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമായി കേന്ദ്ര മന്ത്രിമാര്‍, വിവിധ മുഖ്യമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍ എന്നിവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടു. എല്‍.കെ അദ്വാനി, വി.സി ശുക്ല, ശരത് പവാര്‍, മദന്‍ലാല്‍ ഖുറാന എന്നിവര്‍ കുറ്റാരോപിതരില്‍ ഉള്‍പ്പെടും. മതിയായ തെളിവില്ലാത്തതിന്‍റെ പേരില്‍ കേസില്‍ മിക്ക നേതാക്കളും കുറ്റവിമുക്തരാകുകയും ചെയ്തു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News