'ഹിജാബ് വിലക്ക് നീക്കാന്‍ ആലോചിക്കുന്നേയുള്ളൂ, തീരുമാനം ചർച്ചകൾക്കുശേഷം മാത്രം'; മലക്കംമറിഞ്ഞ് സിദ്ധരാമയ്യ

വിദ്യാലയങ്ങളിൽ ഹിജാബ് വിലക്കിയ ഉത്തരവ് പിൻവലിക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കർണാടക മുഖ്യമന്ത്രി അറിയിച്ചിരുന്നു

Update: 2023-12-23 11:44 GMT
Editor : Shaheer | By : Web Desk

സിദ്ധരാമയ്യ

Advertising

മൈസൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് നീക്കുമെന്ന പ്രഖ്യാപനത്തിൽ മലക്കംമറിഞ്ഞ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വിലക്ക് നീക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നേയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയ ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

മൈസൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സിദ്ധരാമയ്യയുടെ വിശദീകരണം. ഈ അധ്യയന വർഷം തന്നെ ഹിജാബ് വിലക്ക് നീക്കുമോ എന്ന ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ''ഹിജാബ് ധരിക്കുന്നതിനുള്ള വിലക്ക് ഞങ്ങൾ ഇതുവരെ പിൻവലിച്ചിട്ടില്ല. ഒരു ചോദ്യത്തോട് പ്രതികരിക്കവെയാണ് ഹിജാബ് വിലക്ക് പിൻവലിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ആലോചിക്കുന്നുണ്ടെന്നു പറഞ്ഞത്. ഇതേക്കുറിച്ച് ചർച്ചകൾ നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക''-സിദ്ധരാമയ്യ അറിയിച്ചു.

ഹിജാബ് വിലക്കിക്കൊണ്ടുള്ള ഉത്തരവ് പിൻവലിക്കാൻ താൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം കർണാടക മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾ ഇഷ്ടമുള്ള വസ്ത്രം ധരിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ''എല്ലാ കക്ഷികളിൽനിന്നും മതവിഭാഗങ്ങളിൽനിന്നുമുള്ള ദരിദ്രജനങ്ങളെ ഞങ്ങൾ സഹായിക്കുന്നുണ്ട്. സിഖുകാരനോ ക്രിസ്ത്യാനിയോ മുസ്‌ലിമോ ആരായിരുന്നാലും. ബി.ജെ.പി 'സബ് കാ സാത്ത്, സബ് കാ വികാസ്' പറയുകയല്ലാതെ ഹിജാബും ബുർഖയും തൊപ്പിയുമെല്ലാം ധരിക്കുന്നതു വിലക്കുകയാണു ചെയ്യുന്നത്. താടി വളർത്തുന്നതു പോലും തടയുന്നു. ഞങ്ങൾ ഹിജാബ് വിലക്ക് നീക്കും. ഇനിമുതൽ അത്തരം നിയന്ത്രണമുണ്ടാകില്ല.''-വെള്ളിയാഴ്ച സിദ്ധരാമയ്യ വ്യക്തമാക്കി.

വസ്ത്രവും ഭക്ഷണവുമെല്ലാം വ്യക്തിപരമായ കാര്യങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതെല്ലാം എന്തിനാണു നിയന്ത്രിക്കുന്നത്? നിങ്ങൾക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് നിങ്ങൾ ഉടുക്കുന്നത്. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നു. അതേക്കുറിച്ച് ഞാനെന്തിന് ആശങ്കപ്പെടണം! ഞാൻ എനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുകയും ഇഷ്ടപ്പെട്ട മുണ്ടും ജുബ്ബയും ധരിക്കുകയും ചെയ്യും. ബി.ജെ.പി വോട്ടിനു വേണ്ടി കള്ളങ്ങൾ പറയുകയാണ്. ഞങ്ങൾ അപ്പണി ചെയ്യില്ല. ജനങ്ങളെ സേവിക്കുകയാണു ഞങ്ങളുടെ പരിപാടിയെന്നും സിദ്ധരാമയ്യ വിശദീകരിച്ചിരുന്നു.

Summary: Govt only contemplating lifting ban on Hijab in schools, to be lifted after discussions: Karnataka CM Siddaramaiah

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News