കൊച്ചുമകളെ വായിലാക്കി പുലി; അതിസാഹസികമായി കുഞ്ഞിനെ രക്ഷിച്ച് മുത്തശ്ശിയും മുത്തച്ഛനും

വീടി​ന്‍റെ വരാന്തയിൽ മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന രണ്ടു വയസുകാരിയെയാണ്​ പുലി കടിച്ചുകൊണ്ടുപോകാന്‍ നോക്കിയത്

Update: 2021-08-22 05:43 GMT

കൊച്ചുമകളെ പുലിയുടെ വായിൽ നിന്ന് സാഹസികമായി​ രക്ഷിച്ച്​ മുത്തശ്ശിയും മുത്തച്ഛനും. മധ്യപ്രദേശിലെ കുനോ നാഷനൽ പാർക്കിന്​ സമീപം വ്യാഴാഴ്ച രാത്രിയിലാണ്​ സംഭവം.

വീടി​ന്‍റെ വരാന്തയിൽ മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന രണ്ടു വയസുകാരിയെയാണ്​ പുലി കടിച്ചുകൊണ്ടുപോകാന്‍ നോക്കിയത്​. കുഞ്ഞിന്‍റെ നിലവിളി കേട്ട് മുത്തശ്ശിയായ ബാസന്തിഭായ്​ ഗുർജാർ ഉണർന്നപ്പോൾ കണ്ടത്​ കുട്ടിയെ വായിലാക്കിയ പുലിയെയാണ്​. ബാസന്തിഭായ്​ പുലിയെ തൊഴിച്ച് കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാൽ വിട്ടുകൊടുക്കാന്‍ പുലി തയ്യാറായിരുന്നില്ല. ഇതിനിടെ ബാസന്തി ഭായിയുടെ കരച്ചില്‍ കേട്ട് ഭർത്താവ് എഴുന്നേറ്റു. ഇരുവരും ചേര്‍ന്ന് പുലിയുടെ മൂക്കിലും കണ്ണിലും ആഞ്ഞിടിച്ചു. തുടര്‍ന്ന് കുഞ്ഞിനെ വിട്ട് പുലി ഇവര്‍ക്കുനേരെ തിരിഞ്ഞു. ഇരുവര്‍ക്കും പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റു.

Advertising
Advertising

ശബ്​ദംകേട്ട്​ അയല്‍വാസികളും ഓടിയെത്തി. വടികളുമായി ആളുകള്‍ ഓടിക്കൂടുന്നതുകണ്ട് പേടിച്ച പുലി കാട്ടിലേക്ക്​ പോയി. കുഞ്ഞ് ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല. അവിടെ വർഷങ്ങളായി ജീവിക്കുകയാണെന്നും പുലി ആക്രമിച്ച സംഭവം ആദ്യമാണെന്നും ബാസന്തിഭായ്​ പറഞ്ഞു. പ്രദേശത്ത് സുരക്ഷ ശക്തമാക്കി. പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കുമെന്ന് കുനോ ഡിവിഷനൽ ഫോറസ്​റ്റ്​ ഓഫീസർ പി.കെ വർമ പറഞ്ഞു.

ചീറ്റപ്പുലികളെ ജനവാസ കേന്ദ്രത്തിന് സമീപത്തേക്ക് മാറ്റുന്നതിനെതിരെ നേരത്തെ പ്രതിഷേധമുണ്ടായിരുന്നു. എന്നാല്‍ ഒരു അപകടവുമില്ലെന്ന് ഫോറസ്റ്റ് ഓഫീസര്‍മാര്‍ ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News