കോപ്റ്റര്‍ ദുരന്തം: രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രം, ധീരതയ്ക്ക് ശൗര്യചക്ര നേടിയ സൈനികന്‍

തേജസ് യുദ്ധവിമാനം പറത്തുന്നതിനിടയിൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടായപ്പോള്‍ അസാമാന്യ ധൈര്യത്തോടെ സാഹചര്യം കൈകാര്യം ചെയ്തതിനായിരുന്നു ആദരം

Update: 2021-12-09 03:32 GMT
Advertising

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രം. ഗുരുതരമായി പൊള്ളലേറ്റ വരുൺ സിങിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. ഇന്ന് കോയമ്പത്തൂരിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.

ധീരതയ്ക്കുള്ള ശൗര്യചക്ര പുരസ്കാരം നേടിയ സൈനികനാണ് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്. തേജസ് യുദ്ധവിമാനം പറത്തുന്നതിനിടയിൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടായപ്പോള്‍ അസാമാന്യ ധൈര്യത്തോടെ സാഹചര്യം കൈകാര്യം ചെയ്തതിനായിരുന്നു ആദരം. വിമാനത്തിന്‍റെ നിയന്ത്രണ സംവിധാനത്തിനും കോക്പിറ്റിനകത്തെ വായുസമ്മർദ സംവിധാനത്തിനുമാണ് അന്ന് തകരാർ നേരിട്ടത്. പ്രതികൂല സാഹചര്യത്തെ ക്യാപ്റ്റൻ വരുൺ സിങ് ധീരതയോടെ നേരിട്ട് വിമാനം സുരക്ഷിതമായി ഇറക്കുകയായിരുന്നു.

തേജസ് വിമാനത്തിന് അപ്രതീക്ഷിതമായ തകരാറാണ് അന്നുണ്ടായത്. വിമാനം ഉയരത്തിൽ പറക്കവേ നിയന്ത്രണം നഷ്ടമായി. വിമാനം ഉയര്‍ന്നും താഴ്ന്നും പറക്കുന്നതിനിടെ മനോധൈര്യം കൈവിടാതെ വരുണ്‍ സിങ് വിമാനത്തിന്‍റെ നിയന്ത്രണം കൈപ്പിടിയിലാക്കി. 10000 അടി ഉയരത്തിൽ വെച്ച് വിമാനത്തിന്‍റെ നിയന്ത്രണം വീണ്ടും പൂർണമായി നഷ്ടപ്പെട്ടു. യുദ്ധവിമാനം ഒരുതരത്തിലും നിയന്ത്രണവിധേയമാക്കാനാകാത്ത സാഹചര്യത്തില്‍ പൈലറ്റിന് സ്വരക്ഷ നോക്കാന്‍ അവകാശമുണ്ട്. എന്നാൽ ക്യാപ്റ്റൻ വരുൺ സിങ് സ്വന്തം ജീവൻ അവഗണിച്ച് വിമാനത്തെ വീണ്ടും നിയന്ത്രണത്തിലാക്കി. ഒടുവിൽ സുരക്ഷിതമായി വിമാനം ഇറക്കി.

സ്വന്തം ജീവനും തേജസ് യുദ്ധവിമാനവും മാത്രമല്ല വരുൺ സിങ് രക്ഷിച്ചതെന്ന് ശൗര്യചക്ര പ്രഖ്യാപിച്ചുകൊണ്ട് പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടുകയുണ്ടായി. പൊതുജനങ്ങൾക്കും സൈന്യത്തിനുമുണ്ടാകുമായിരുന്ന കനത്ത നഷ്ടം കൂടി ഒഴിവാക്കാന്‍ വരുണ്‍ സിങിന്‍റെ മനോധൈര്യത്തിന് സാധിച്ചു.

ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച റഷ്യൻ നിർമിത എംഐ-17 ഹെലികോപ്റ്റര്‍ ഇന്നലെ ഉച്ചയ്ക്ക് ഊട്ടിയിലെ കൂനൂരില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്. സുലൂരില്‍ സൈനിക ക്യാമ്പില്‍ സെമിനാറില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയായിരുന്നു അപകടം. ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13 പേരും അപകടത്തിൽ മരിച്ചു. മരിച്ചവരിൽ തൃശൂർ സ്വദേശി പ്രദീപും ഉൾപ്പെടും. ബ്രിഗേഡിയർ എൽ.എസ്‌ ലിഡർ, ലെഫ്.കേണൽ ഹർജിന്ദർ സിംഗ്, നായ്ക് ഗുർസേവകർ സിംഗ്, നായ്ക് ജിതേന്ദർ കുമാർ, ലെഫ്.നായ്ക് വിവേക് കുമാർ, ലെഫ്.നായ്ക് ബി.സായ് തേജ, ഹാവിൽദാർ സത്പാൽ എന്നിവരാണ് മരിച്ച മറ്റുള്ളവർ.

ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് തൊട്ടുമുൻപാണ് ഹെലികോപ്റ്റർ തകർന്നത്. സൈനിക ആശുപത്രിയിലുള്ള മൃതദേഹങ്ങള്‍ നടപടികൾ പൂർത്തിയാക്കി ഇന്ന് ഡല്‍ഹിയിലെത്തിക്കും. രാജ്യത്തെ ഞെട്ടിച്ചുകൊണ്ടാണ് ഇങ്ങനെയൊരു അപകടമുണ്ടായത്. ബിപിന്‍ റാവത്തിന്‍റെ ആകസ്മിക മരണം നമ്മുടെ സായുധ സേനയ്ക്കും രാജ്യത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കുറിച്ചു. "ജനറൽ ബിപിൻ റാവത്ത് മികച്ച സൈനികനായിരുന്നു. യഥാർഥ രാജ്യസ്‌നേഹി, നമ്മുടെ സായുധ സേനയെയും സുരക്ഷാ സംവിധാനങ്ങളെയും നവീകരിക്കുന്നതിൽ അദ്ദേഹം വളരെയധികം സംഭാവന നൽകി"- പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News