'ഹനുമാനാണ് ആദ്യത്തെ ബഹിരാകാശ യാത്രികൻ'; സ്കൂൾ വിദ്യാര്‍ഥികളോട് ബിജെപി എംപി അനുരാഗ് താക്കൂര്‍

ഹിമാചല്‍ പ്രദേശിലെ ഒരു സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു താക്കൂര്‍

Update: 2025-08-25 02:31 GMT
Editor : Jaisy Thomas | By : Web Desk

ഷിംല: ബഹിരാകാശത്ത് സഞ്ചരിച്ച ആദ്യ വ്യക്തി ഹനുമാനാണെന്ന് ബിജെപി എംപിയും മുൻ കേന്ദ്ര സഹമന്ത്രിയുമായ അനുരാഗ് താക്കൂര്‍. ഇന്ത്യന്‍ പാരമ്പര്യങ്ങളെ കുറിച്ച് അറിയാന്‍ പാഠപുസ്തകങ്ങള്‍ക്കപ്പുറം നോക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിമാചല്‍ പ്രദേശിലെ ഒരു സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു താക്കൂര്‍.

‘ഹനുമാന്‍ ജിയാണ് ആദ്യത്തെ ബഹിരാകാശ യാത്രികന്‍,’ എന്ന അടിക്കുറിപ്പോട് തന്‍റെ പ്രസംഗത്തിന്‍റെ വീഡിയോയും അദ്ദേഹം എക്സൽ പങ്കുവച്ചിട്ടുണ്ട്. ‘ആദ്യമായി ബഹിരാകാശത്ത് സഞ്ചരിച്ചത് ആരാണെന്ന് അറിയുമോ’ എന്ന ചോദ്യത്തിന് വിദ്യാര്‍ത്ഥികള്‍ വ്യക്തമായ മറുപടി നല്‍കാതെ വന്നതോടെയാണ് മന്ത്രി ഹനുമാനെ കുറിച്ച് സംസാരിച്ചത്. ഇന്ത്യയുടെ ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യം, അറിവ്, സംസ്‌കാരം എന്നിവ അറിയാത്തിടത്തോളം കാലം നമ്മള്‍ ബ്രിട്ടീഷുകാര്‍ കാണിച്ചുതന്ന വര്‍ത്തമാന കാലത്ത് തന്നെ തുടരുമെന്നും അദ്ദേഹം വിദ്യാര്‍ഥികളോട് പറഞ്ഞു.

Advertising
Advertising

ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് അയയ്ക്കാനും അവരെ സുരക്ഷിതമായി തിരികെ കൊണ്ടുവരാനുമുള്ള ഗഗൻയാൻ പദ്ധതിക്ക് ഇന്ത്യ തയ്യാറെടുക്കുമ്പോഴാണ് എംപിയുടെ ഇത്തരം പരാമര്‍ശങ്ങൾ. ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയാണിത്, ക്രൂവിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട നിർണായക സംവിധാനങ്ങൾ പരീക്ഷിക്കുന്നതിനായി മുൻകൂട്ടി ആസൂത്രണം ചെയ്ത ആളില്ലാ ദൗത്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.ഈ വര്‍ഷമാദ്യം ഇന്ത്യാക്കാരനായ ശുഭാന്‍ഷു ശുക്ല ബഹിരാകാശത്തേക്ക് പോയി തിരിച്ചുവന്നിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനും രാകേഷ് ശര്‍മ്മയുടെ 1984-ലെ ദൗത്യത്തിന് ശേഷം ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് ശുഭാൻഷു.

അതേസമയം ബഹിരാകാശത്ത് എത്തിയ ആൾ റഷ്യക്കാരനായ യൂറി ഗഗാറിൻ ആണ്. 1961 ഏപ്രിൽ 12 നാണ് സോവിയറ്റ് യൂണിയന്റെ ഭാഗമായ ഖസാക്കിസ്ഥാനിലെ ബൈക്കോനോർ കോസ്മോ ഡ്രോമിൽ നിന്ന് ഗഗാറിനെയും വഹിച്ചുള്ള വൊസ്ടോക്ക് ബഹിരാകാശത്തേക്ക് കുതിച്ചത്. 27 വയസായിരുന്നു യൂറി ഗഗാറിന് അന്ന് പ്രായം. ഗഗാറിന്റെ ബഹിരാകാശ യാത്രയെ അനുസ്മരിച്ച് എല്ലാ വർഷവും ഏപ്രിൽ 12 ന് ബഹിരാകാശ ദിനം ആയി റഷ്യ ആചരിക്കാറുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News