'പാകിസ്താനിൽ പോയത് യുഎൻ ക്ഷണപ്രകാരം'; സോനം വാങ്ചുകിനെതിരായ ആരോപണങ്ങൾ തെറ്റെന്ന് ഭാര്യ

പ്രധാനമന്ത്രി ചൈന സന്ദർശിച്ചിട്ടും എന്തുകൊണ്ട് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നില്ലെന്നും ഗീതാഞ്ജലി ചോദിച്ചു.

Update: 2025-09-30 12:36 GMT

Photo| PTI

ന്യൂഡൽഹി: ലഡാക്ക് സംഘർഷത്തിന് പിന്നാലെ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെതിരായ ആരോപണങ്ങൾ തെറ്റെന്ന് ഭാര്യ ഗീതാഞ്ജലി ആങ്മോ. ഐക്യരാഷ്ട്രസഭയുടെ ക്ഷണപ്രകാരമാണ് വാങ്ചുക് പാകിസ്താനും മറ്റു രാജ്യങ്ങളും സന്ദർശിച്ചത്. പ്രധാനമന്ത്രി ചൈന സന്ദർശിച്ചിട്ടും എന്തുകൊണ്ട് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നില്ലെന്നും ഗീതാഞ്ജലി ചോദിച്ചു.

പാകിസ്താനിൽ പോയി എന്നല്ലാതെ എന്തിന് പോയി എന്ന് ഇവർ നോക്കുന്നില്ല. വാങ്ചുകിനെതിരെ ഗൂഢാലോചന നടക്കുന്നതായും അദ്ദേഹത്തിനെതിരെ തിരക്കഥ സൃഷ്ടിക്കാൻ പലകോണിൽ നിന്ന് ശ്രമം ഉണ്ടാകുന്നതായും ആങ്‌മോ പറയുന്നു. സംഘർഷങ്ങൾക്ക് ലഡാക്കിലെ ജനങ്ങളെ കുറ്റപ്പെടുത്താനാവില്ല. കേന്ദ്രഭരണ പദവിയെന്നതാണ് സംഘർഷങ്ങൾക്ക് കാരണമെന്നും അവർ പറയുന്നു.

Advertising
Advertising

അതേസമയം, സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന ചർച്ചയിൽ നിന്ന് സംഘടനകൾ പിന്മാറിയിരുന്നു. വാങ്ചുകിനെ മോചിപ്പിക്കണമെന്നടക്കം സംഘടനകൾ ആവശ്യപ്പെടുന്നു. ഇപ്പോഴും ലഡാക്കിൽ സംഘർഷ സാഹചര്യം തുടരുകയാണ്. സംഘർഷത്തിന് അയവ് വന്നതോടെ കർഫ്യൂ ഇളവ് പ്രഖ്യാപിച്ചിരുന്നു. ‌എന്നാൽ സാഹചര്യം ഇപ്പോഴും അതിസൂക്ഷ്മമമായി നിരീക്ഷിച്ചുവരികയാണ് കേന്ദ്രം.

വാങ്ചുകിന് പാകിസ്താനുമായി ബന്ധമുണ്ടെന്നത് അടിസ്ഥാനരഹിതമായ ആരോപണമെന്ന് കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് നേതാവ് സജ്ജാദ് കാർഗിലിയും പറഞ്ഞിരുന്നു. സർക്കാരിന്റെ അനുമതി ഇല്ലാതെ ആർക്കും പാകിസ്താനിൽ പോകാൻ കഴിയില്ലെന്നും ലഡാക്കിന് സംസ്ഥാന പദവിയും ഗോത്രപദവിയും എത്രയും വേഗം ലഭിക്കണമെന്നും സജ്ജാദ് കാർഗിലി മീഡിയവണിനോട് പറഞ്ഞു.

'ഞങ്ങളുടെ പ്രധാന ആവശ്യം ലഡാക്കിന് സംസ്ഥാന പദവിയും ഗോത്രപദവിയും എത്രയും വേഗം ലഭിക്കണമെന്നതാണ്. ഇന്ന് നടക്കുന്ന ചർച്ചയിൽ പ്രതീക്ഷയുണ്ട്. സർക്കാർ വിവേകത്തോടെ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു'- സജ്ജാദ് കാർഗിലി പറഞ്ഞു. ലഡാക്കിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന എല്ലാ രാഷ്ട്രീയ, രാഷ്ട്രീയേതര സിവിൽ സൊസൈറ്റി അംഗങ്ങൾക്കും ലഡാക്കിനെ നന്നായി അറിയുന്ന സൈനികർക്കും എല്ലാവരോടും ഞങ്ങൾ നന്ദിയുള്ളവരാണെന്നും സജ്ജാദ് പറഞ്ഞു.

അതേസമയം, ലഡാക്കിൽ സമാധാനം അന്തരീക്ഷം തിരികെ കൊണ്ടുവരാതെ കേന്ദ്രവുമായി യാതൊരു ചർച്ചയ്ക്കുമി‌ല്ലെന്ന നിലപാടിലാണ് ലേ അപെക്‌സ്‌ ബോഡി. ജയിലിൽ കഴിയുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനേയും സഹപ്രവർത്തകരെയും വിട്ടയക്കണമെന്നും ലേ അപെക്സ് ബോഡി ചെയർമാൻ തുപ്സ്റ്റാൻ ചേവാങ് ആവശ്യപ്പെട്ടു. ജനങ്ങളിൽ നിന്ന് പ്രകോപനം ഉണ്ടായി എന്ന വ്യാജേനയാണ് പൊലീസ് ആക്രമണം ഉണ്ടായതെന്നും നേതാക്കൾ പറയുന്നു.

അറസ്റ്റ് ചെയ്ത വാങ്ചുകിനെ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ലഡാക്ക് പൊലീസ് മേധാവി വാങ്ചുകിനെ ‍ആരോപണമുന്നയിച്ചത്. വാങ്ചുകിന് പാകിസ്താൻ ബന്ധമുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്നുമായിരുന്നു ആരോപണം. വാങ്ചുക് പാകിസ്താനും ബംഗ്ലാദേശും സന്ദർശിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം. 


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News