അക്കൗണ്ടിൽ നിന്ന് മുഴുവൻ തുകയും ഒറ്റയടിക്ക് പിൻവലിക്കാം, പിഎഫ് മിനിമം പെൻഷൻ വര്‍ധിപ്പിച്ചേക്കും; ഇപിഎഫ്ഒയിൽ വമ്പൻ മാറ്റങ്ങൾ

പിഎഫിലെ തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതത്തിലെ അർഹമായ ബാലൻസിൽ നിന്ന് നൂറ് ശതമാനം വരെ പിൻവലിക്കാനാണ് അനുമതിയായത്

Update: 2025-10-14 07:55 GMT
Editor : Jaisy Thomas | By : Web Desk

Representation Image

ഡൽഹി: പിഎഫ് പെൻഷൻ തുക വർധിപ്പിക്കുന്നതിനെക്കുറിച്ച് മന്ത്രിസഭ സജീവമായി പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ. ന്യൂഡൽഹിയിൽ നടന്ന എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷന്‍റെ (ഇപിഎഫ്ഒ) സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഈ വിഷയം അജണ്ടയിൽ ഇല്ലായിരുന്നുവെങ്കിലും സിബിടിയിലെ ട്രേഡ് യൂണിയൻ അംഗങ്ങൾ ചർച്ചകൾക്കിടെ മിനിമം പിഎഫ് പെൻഷൻ നിലവിലുള്ള പ്രതിമാസം 1,000 രൂപയിൽ നിന്ന് പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടു. “മന്ത്രി അത് തള്ളിക്കളഞ്ഞില്ല, മന്ത്രിസഭ ഈ നിർദേശം സജീവമായി പരിഗണിക്കുന്നുണ്ടെന്ന് പറഞ്ഞു,” യോഗത്തിന് ശേഷം ഒരു സിബിടി അംഗം ദി ഹിന്ദുവിനോട് പറഞ്ഞു. 2014-ലാണ് കേന്ദ്രം അവസാനമായി പെൻഷൻ പരിഷ്കരിച്ചത്. എന്നിരുന്നാലും, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ ഈ തുക വളരെ കുറവാണെന്നും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നില്ലെന്നും ജീവനക്കാർ വാദിക്കുന്നു.പെൻഷൻ തുക വർദ്ധിപ്പിക്കുന്നതിനുള്ള വിവിധ ഓപ്ഷനുകൾ തൊഴിൽ മന്ത്രാലയം പരിഗണിച്ചതായും അവലോകനം ചെയ്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Advertising
Advertising

ഇപിഎഫ് ഭാഗിക പിൻവലിക്കൽ വ്യവസ്ഥകളുടെ ലളിതവത്ക്കരണവും ഉദാരവത്ക്കരണവും ഉൾപ്പെടെ നിരവധി വിപ്ലവകരമായ തീരുമാനങ്ങൾ യോഗം കൈക്കൊണ്ടതായി തൊഴിൽ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇതുപ്രകാരം പിഎഫിലെ തുക നൂറുശതമാനം വരെ പിൻവലിക്കാവുന്നതാണ്. പ്രത്യേക സാഹചര്യങ്ങളിൽ കാരണം വ്യക്തമാക്കാതെതന്നെ ഫണ്ട് പിൻവലിക്കാനും അനുമതിയായി. തുക പിൻവലിക്കുന്നതിനുള്ള ചുരുങ്ങിയ സർവീസ് 12 മാസമാക്കി കുറയ്ക്കുകയും ചെയ്തു.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) സ്കീമിലെ 13 സങ്കീർണവകുപ്പുകളെ ഏകീകരിച്ചുകൊണ്ട് മൂന്ന് വിഭാഗമാക്കിയാണ് ഭാഗിക പിൻവലിക്കൽ ഉദാരമാക്കിയത്. അത്യാവശ്യ കാര്യങ്ങൾ (രോഗം, വിദ്യാഭ്യാസം, വിവാഹം), ഭവന നിർമാണം, പ്രത്യേക സാഹചര്യങ്ങൾ (പ്രകൃതിദുരന്തം, സ്ഥാപനം അടച്ചുപൂട്ടൽ, തുടർച്ചയായ തൊഴിലില്ലായ്മ, മഹാമാരി തുടങ്ങിയവ) എന്നിങ്ങനെയാണ് തരംതിരിച്ചത്.

പിഎഫിലെ തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതത്തിലെ അർഹമായ ബാലൻസിൽ നിന്ന് നൂറ് ശതമാനം വരെ പിൻവലിക്കാനാണ് അനുമതിയായത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് പത്ത് തവണയും വിവാഹത്തിന് അഞ്ച് തവണയും പിൻവലിക്കാം. നേരത്തേ ഇത് മൂന്ന് തവണയായിരുന്നു.

സുപ്രിം കോടതി ഉത്തരവ് പ്രകാരം ഉയർന്ന പെൻഷൻ വിതരണം ചെയ്യുന്നതിലെ കാലതാമസത്തെക്കുറിച്ചും യോഗം ചർച്ച ചെയ്തു. വിവിധ ഹൈക്കോടതി ഉത്തരവുകളുടെ പശ്ചാത്തലത്തിൽ, തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ചില സിബിടി അംഗങ്ങൾ ഇപിഎഫ്ഒ ഈ വിഷയത്തിൽ രൂപപ്പെടുത്തിയ മാർഗനിർദേശങ്ങൾ പിൻവലിക്കണമെന്നും സുപ്രിം കോടതി ഉത്തരവിന് അനുസൃതമായി പുതിയ മാർഗനിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്നും വാദിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News