Writer - രാഗേന്ദു പി.ആർ
Web Journalist
ഗുവാഹത്തി: അസമിലെ അംബുബാച്ചി മേളക്കിടെ മുസ്‌ലിം കച്ചവടക്കാരെ ആക്രമിച്ച് ഹിന്ദുത്വവാദികള്‍. കാമാഖ്യ ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ കച്ചവടം നടത്തിയവരെയാണ് ഹിന്ദുത്വര്‍ മര്‍ദിച്ചത്.
ഒരു സ്ത്രീ ഉള്‍പ്പെടെയുള്ള സംഘമാണ് കച്ചവടക്കാരെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തത്. നിങ്ങള്‍ ഹിന്ദുക്കളാണോ, ഹിന്ദുക്കളുമായി ബന്ധപ്പെട്ട വസ്തുക്കളാണോ വില്‍ക്കുന്നത്, ആധാര്‍ കാര്‍ഡ് എവിടെ എന്നീ ചോദ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു മര്‍ദനം.
അക്രമികള്‍ തന്നെയാണ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കച്ചവടക്കാരെ അധിക്ഷേപിക്കുന്ന വീഡിയോ ഇവര്‍ ബോധപൂര്‍വം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ ഇതുവരെ അസം പൊലീസോ കാംരൂപ് മെട്രോ ജില്ലാ ഭരണകൂടമോ പ്രതികരിച്ചിട്ടില്ല. ഉത്തരേന്ത്യയിലെ പ്രശസ്തമായ മതപരിപാടിയാണ് അംബുബാച്ചി മേള. സാധാരണയായി എല്ലാ വര്‍ഷവും മേളയില്‍ മുസ്‌ലിം കച്ചവടക്കാരും സ്റ്റാളുകള്‍ സ്ഥാപിക്കാറുണ്ട്.
നിലവില്‍ രാജ്യത്തുടനീളമായി ഹിന്ദുത്വവാദികള്‍ നടത്തുന്ന അക്രമങ്ങള്‍ക്ക് സമാനമായ സംഭവമാണ് കാമാഖ്യ ക്ഷേത്രത്തില്‍ ഉണ്ടായിരിക്കുന്നത്. സംഭവം ചര്‍ച്ചയായതോടെ അസം പൊലീസിനും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ നേത്യത്വത്തിലുള്ള ബിജെപി സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.
കച്ചവടം ചെയ്യാനുള്ള അവകാശം രാജ്യത്തെ മുസ്‌ലിങ്ങള്‍ക്കുമുണ്ടെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. അസമില്‍ നിയമങ്ങളും ക്രമസമാധാനവും ഇല്ലേയെന്നും ചിലര്‍ ചോദിക്കുന്നു.
നേരത്തെ പ്രയാഗ്‌രാജില്‍ നടന്ന മഹാ കുംഭമേളക്കിടെ ദേവി-ദേവന്മാരുടെ ചിത്രങ്ങള്‍ വില്‍പനയ്ക്ക് വെച്ച മുസ്‌ലിം കച്ചവടക്കാരനെ ഹിന്ദുത്വര്‍ ചേര്‍ന്ന് ആക്രമിച്ചിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിലാണ് ഈ അക്രമം നടന്നത്. ഉത്തര്‍പ്രദേശിലെ വിവിധ മേഖലകളിലും ഒഡീഷയിലും മഹാരാഷ്ട്രയിലും കര്‍ണാടകയിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.