‘ഹിന്ദുത്വയും ഹിന്ദു വിശ്വാസവും ഒന്നല്ല’; ബിജെപിക്കെതിരെ സിദ്ധരാമയ്യ

‘ഞങ്ങളും ഹിന്ദുക്കളല്ലേ? അതല്ല ബിജെപിക്കാർ മാത്രമാണോ?’

Update: 2023-12-29 10:29 GMT
Advertising

ബംഗളൂരു: ഹിന്ദുത്വ പ്രത്യയശാസ്ത്രവും ഹിന്ദു വിശ്വാസവും തമ്മിൽ ഏറെ വ്യത്യാസമുണ്ടെന്ന് കർണാടക മുഖ്യമ​ന്ത്രി സിദ്ധരാമയ്യ. ബംഗളൂരുവിൽ നടന്ന കോൺഗ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്താണ് മൃദു ഹിന്ദുത്വയും തീവ്ര ഹിന്ദുത്വയും? ഹിന്ദുത്വ എപ്പോഴും ഹിന്ദുത്വയാണ്. ഞാനൊരു ഹിന്ദുവാണ്. ഹിന്ദുത്വയും ഹിന്ദുവും വ്യതസ്തമാണ്. ഞങ്ങളും രാമനെ ആരാധിക്കുന്നില്ലേ? ബിജെപി മാത്രമാണോ ആരാധിക്കുന്നത്? ഞങ്ങളും രാമക്ഷേത്രങ്ങൾ നിർമിച്ചിട്ടില്ലേ? ഞങ്ങളും രാം ബജന പാടാറില്ലേ? -സിദ്ധരാമയ്യ പറഞ്ഞു.

‘ഡിസംബർ അവസാനവാരം ആളുകൾ ഭജനകൾ പാടാറുണ്ട്. ഞങ്ങളുടെ ഗ്രാമത്തിലെ ആ പാരമ്പര്യത്തിൽ ഞാനും പങ്കുചേരുമായിരുന്നു. മറ്റു ഗ്രാമങ്ങളിലും ഇപ്രകാരം നടക്കാറുണ്ട്. ഞങ്ങളും ഹിന്ദുക്കളല്ലേ? അതല്ല ബിജെപിക്കാർ മാത്രമാണോ? -സിദ്ധരാമയ്യ പറഞ്ഞു.

ന്യൂനപക്ഷ സമുദായങ്ങളിൽനിന്നുള്ളവരെ നഷ്ടപ്പെടുത്താതെ മിതവാദികളായ ഹിന്ദു വോട്ടുകൾ നേടാനുള്ള രാഷ്ട്രീയ തന്ത്രമായി മൃദു ഹിന്ദുത്വം പഴറ്റുകയാണെന്ന ആരോപണത്തിനുള്ള മറുപടി കൂടിയായിന്നു സിദ്ധരാമയ്യയുടേത്. ജനുവരി 22ന് അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ രാജ്യമെങ്ങും കത്തിനിൽക്കുന്നതിനിടെയാണ് കർണാടക മുഖ്യമന്ത്രിയുടെ പ്രസ്താവന വരുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിൽ പ്രതിപക്ഷ നേതാവായിരിക്കെയും സിദ്ധരാമയ്യ ഹിന്ദുത്വക്കെതിരെ സംസാരിച്ചിരുന്നു. ‘ഹിന്ദുത്വ ഭരണഘടനക്ക് എതിരാണ്. ഹിന്ദുത്വയും ഹിന്ദു ധർമവും വ്യത്യസ്തമാണ്. ഞാൻ ഹിന്ദു മതത്തിന് എതിരല്ല. ഞാനൊരു ഹിന്ദുവാണ്. എന്നാൽ, ഞാൻ മനുവാദത്തിനും ഹിന്ദുത്വക്കും എതിരാണ്. ഒരു മതവും കൊലപാതകത്തെ പിന്തുണക്കുന്നില്ല. പക്ഷെ, ഹിന്ദുത്വ കൊലപാതകങ്ങളെയും വിവേചനങ്ങളെയും പിന്തുണക്കുകയാണ്’- സിദ്ധരമായ്യ വ്യക്തമാക്കിയിരുന്നു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News