യു.പിയിൽ റമദാനിലെ തറാവീഹ് നിസ്കാരം തടസപ്പെടുത്തി ബജ്രം​ഗ്ദൾ; ഹിന്ദുത്വ അക്രമികളെ പിന്തുണച്ച് പൊലീസ്

'കേസെടുക്കാൻ ഞങ്ങൾ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനവർ തയാറായില്ലെങ്കിൽ ഇതിനെതിരെ തെരുവിൽ ശക്തമായ പ്രതിഷേധവുമായി ഇറങ്ങും'- സക്സേന മുന്നറിയിപ്പ് നൽകി.

Update: 2023-03-26 12:29 GMT
Advertising

ലഖ്നൗ: യു.പിയിൽ രാത്രി റമദാനിലെ തറാവീഹ് നിസ്കാരം തടസപ്പെടുത്തി സംഘ്പരിവാർ സംഘടനയായ ബജ്രം​ഗ്ദൾ. ഹിന്ദുത്വവാദികളുടെ നീക്കത്തെ അനുകൂലിച്ച് നിസ്കാരം നിർത്തിവയ്ക്കാനാവശ്യപ്പെട്ട് പൊലീസും രം​ഗത്തെത്തി. ഉത്തർപ്രദേശിലെ മൊറാദാബാദിലെ കാഠ്ഘർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലജ്പുത് ന​ഗറിൽ ശനിയാഴ്ചയാണ് സംഭവം. 

പ്രദേശത്തെ സാകിർ ഹുസൈൻ എന്നയാൾ തന്റെ വീട്ടിൽ മറ്റ് ചില മുസ്‌ലിംകൾക്കൊപ്പം തറാവീഹ് നിസ്കരിക്കുകയായിരുന്നു. ഈ സമയം, വിവരമറിഞ്ഞ് ഇവിടേക്ക് പാഞ്ഞെത്തിയ ബജ്രം​ഗ്​ദൾ സംസ്ഥാന അധ്യക്ഷൻ രോഹൻ സക്സേനയും സംഘവും നിസ്കാരം തടയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. നഗരത്തിൽ പുതിയ രീതികൾ ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് സക്‌സേന പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

'സാകിർ തന്റെ മറ്റ് മുസ്‌ലിം സഹോദരന്മാർക്കൊപ്പം ചേർന്ന് പുതിയൊരു സമ്പ്രദായം ഉണ്ടാക്കാൻ ശ്രമിക്കുന്നതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. ഞങ്ങൾ അതിനെ ശക്തമായി എതിർക്കുന്നു. ഞങ്ങളുടെ നഗരത്തിലോ സംസ്ഥാനത്തോ അത്തരമൊരു പാരമ്പര്യം തുടങ്ങാൻ അനുവദിക്കില്ല'- സക്‌സേന മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇത്തരം അതിക്രമികളായ ആളുകൾക്കെതിരെ കേസെടുക്കാൻ ഞങ്ങൾ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എങ്ങനെയാണ് ഇതേ കുറിച്ച് വിവരം ലഭിച്ചതെന്ന ചോദ്യത്തിന്, ചില അയൽക്കാരാണ് ഇക്കാര്യം തങ്ങളെ അറിയിച്ചതെന്ന് സക്സേന വ്യക്തമാക്കി. 'ഞങ്ങളുടെ കൈയിൽ തെളിവുകളുണ്ട്. ഞങ്ങളിത് സഹിക്കില്ല. വച്ചുപൊറുപ്പിക്കില്ല'- സക്സേന അഭിപ്രായപ്പെട്ടു.

'പരാതി നൽകുകയും കേസെടുക്കാൻ ഞങ്ങൾ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതിനവർ തയാറായില്ലെങ്കിൽ ഇതിനെതിരെ തെരുവിൽ ശക്തമായ പ്രതിഷേധവുമായി ഇറങ്ങും'- സക്സേന മുന്നറിയിപ്പ് നൽകി.

അതേസമയം, സംഭവത്തിൽ ഹിന്ദുത്വവാദികളെ പിന്തുണയ്ക്കുന്ന സമീപനവും പ്രതികരണവുമാണ് പൊലീസിൽ നിന്നുണ്ടായത്. 'അവരോട് വീട്ടിൽ നിന്നും മാറി പള്ളികളിൽ പോയി നിസ്കരിക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടു. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണ്'- ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. എന്നാൽ, എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉദ്യോഗസ്ഥൻ നിഷേധാത്മക മറുപടിയാണ് നൽകിയതെന്നും പ്രതികരിക്കാൻ വിസമ്മതിച്ചെന്നും സിയാസത്.കോം റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, നിസ്കാരം തടഞ്ഞ ഹിന്ദുത്വവാദികളുടേയും അതിനെ പിന്തുണച്ച പൊലീസിന്റയും നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. നിരവധി പേരാണ് ഇതിൽ വിമർശനവുമായി ട്വിറ്റർ അടക്കമുള്ള സോഷ്യൽമീഡിയകളിൽ രം​ഗത്തെത്തിയത്. യുപിയിൽ മുസ്‌ലിംകൾക്ക് വീടുകളിൽ പോലും നിസ്കരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News