'ഇടപെടാൻ വൈകിയത് എന്ത് കൊണ്ട്?' ഇൻഡിഗോ പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി
വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു.
ന്യൂഡല്‍ഹി: നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കിയ ഇൻഡിഗോ പ്രതിസന്ധിയിൽ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി.
പ്രതിസന്ധി രൂക്ഷമാകുന്നുതുവരെ കേന്ദ്രം ഇടപെടാന്‍ വൈകിയത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഒരു പ്രതിസന്ധി ഉണ്ടായാൽ, മറ്റ് വിമാനക്കമ്പനികള്‍ക്ക് എങ്ങെനായണ് നേട്ടമുണ്ടാക്കാനാവുക. 35,000 മുതൽ 39,000 വരേയൊക്കെ ടിക്കറ്റ് നിരക്ക് എങ്ങനെ ഉയരും? മറ്റ് വിമാനക്കമ്പനികൾക്ക് എങ്ങനെയാണ് അമിത നിരക്ക് ഈടാക്കാനാവുക? അതെങ്ങനെ സംഭവിക്കുന്നു?" ജസ്റ്റിസ് ഗെഡെല ചോദിച്ചു.
വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു. വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാര്‍ക്ക് എത്രയുംവേഗം നഷ്ടപരിഹാരം നല്‍കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, ഡിജിസിഎ, ഇന്‍ഡിഗോ എന്നിവര്‍ മതിയായ നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു.
സ്ഥിതിഗതികള്‍ വഷളാകുന്നതുവരെ ഒന്നുംചെയ്യാതിരിക്കുകയും പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതിനുശേഷം മാത്രം നടപടി സ്വീകരിക്കുകയും ചെയ്തതിന് കേന്ദ്ര സര്‍ക്കാരിനെ കടുത്ത ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്. ഇതിനിടെ കേന്ദ്രം സ്വീകരിച്ച നടപടികളുടെ പട്ടിക അഡീഷണൽ സോളിസിറ്റർ ജനറൽ വായിച്ചു. ഇതിനെ രൂക്ഷമായാണ് കോടതി വിമര്‍ശിച്ചത്.
പ്രതിസന്ധി വഷളായതിന് ശേഷമാണ് എല്ലാ നടപടിയും സ്വീകരിച്ചെന്ന് നിങ്ങള്‍ പറയുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു സാഹചര്യം ഉടലെടുക്കുന്നത് എന്നാണ് ചോദ്യം. നിങ്ങൾ എന്താണ് ചെയ്യുന്നത്? കോടതി ചോദിച്ചു. പൈലറ്റുമാർക്ക് അമിത ജോലിഭാരം ഏൽപ്പിക്കുന്നത് എന്തുകൊണ്ടാണെന്നും അത് തടയാൻ എന്ത് നടപടി സ്വീകരിക്കാൻ കഴിയുമെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു.