ഹൈദരാബാദിലെ കറാച്ചി ബേക്കറിയുടെ മാറ്റണമെന്ന് ആവശ്യം; ബിജെപി പ്രവര്‍ത്തകര്‍ ബേക്കറി അടിച്ചുതകര്‍ത്തു

ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്കുണ്ടായ പ്രതിഷേധത്തിനിടെയാണ് സംഭവം

Update: 2025-05-12 12:46 GMT
Editor : Jaisy Thomas | By : Web Desk

ഹൈദരാബാദ്: ഹൈദരാബാദിലെ പ്രശസ്തമായ കറാച്ചി ബേക്കറിക്ക് നേരെ ആക്രമണം. ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ ബേക്കറി അടിച്ചുതകര്‍ത്തതായി തെലങ്കാന പൊലീസ് പറഞ്ഞു. ബേക്കറിയുടെ പേര് മാറ്റണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഹൈദരാബാദിലെ ഷംഷാബാദിലുള്ള കറാച്ചി ബേക്കറിയുടെ ഔട്ട്‌ലെറ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്കുണ്ടായ പ്രതിഷേധത്തിനിടെയാണ് സംഭവം.

"ബേക്കറിയിലെ ജീവനക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല," ആർ‌ജി‌ഐ എയർപോർട്ട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ ബാലരാജു ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. സംഭവം നടന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിൽ സ്ഥലത്തെത്തിയെന്നും ബിജെപി പ്രവര്‍ത്തകരെ പെട്ടെന്ന് പിരിച്ചുവിടാൻ സാധിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.

Advertising
Advertising

ഇതാദ്യമായിട്ടല്ല കറാച്ചി ബേക്കറിക്ക് നേരെ പ്രതിഷേധമുണ്ടാകുന്നത്. കഴിഞ്ഞ ആഴ്ച ബഞ്ചാര ഹിൽസിലെ കറാച്ചി ബേക്കറിയുടെ ഔട്ട്‍ലെറ്റിന മുന്നിൽ പ്രതിഷേധമുണ്ടാവുകയും ദേശീയപതാക കെട്ടുകയും ചെയ്തിരുന്നു. തങ്ങൾ ഇന്ത്യാക്കാരാണെന്നും പാകിസ്താനികളല്ലെന്നും ബേക്കറിയുടെ മാനേജര്‍ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഇന്ത്യാ- വിഭജന സമയത്ത് ഇന്ത്യയിലേക്ക് കുടിയേറി താമസിച്ച ഖാന്‍ചന്ദ് രാംനനി എന്നയാളാണ് കറാച്ചി ബേക്കറി ആരംഭിച്ചത്. 1953ല്‍ ഹൈദരാബാദിലെ മൊസംജാഹി മാർക്കറ്റിലാണ് ബേക്കറി ആരംഭിക്കുന്നത്. ഡൽഹി, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ കറാച്ചി ബേക്കറിക്ക് ശാഖകളുണ്ട്. ഹൈദരാബാദിൽ മാത്രം 24 ബ്രാഞ്ചുകളുണ്ട്.

നേരത്തെ പുൽവാമ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലും കറാച്ചി ബേക്കറിക്ക് നേരെ ഭീഷണിയുണ്ടായിരുന്നു. ബെംഗളൂരുവിലെ ശാഖക്ക് നേരെയായിരുന്നു ഭീഷണി. പേര് മാറ്റണമെന്ന ആവശ്യവുമായി ആളുകള്‍ ബേക്കറിയിലേക്ക് സംഘടിച്ചെത്തുകയും, ഒടുവില്‍ ബേക്കറി അധികൃതര്‍ പേരിലെ കറാച്ചി മറച്ചുവെക്കുകയും ചെയ്തിരുന്നു. നേരത്തെ, ബേക്കറി ഉടമകളായ രാജേഷും ഹരീഷ് രാംനാനിയും മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയോട് സംരക്ഷണം നൽകണമെന്ന് അഭ്യർത്ഥിച്ച് പ്രസ്താവന ഇറക്കിയിരുന്നു.ശനിയാഴ്ചയുണ്ടായ ആക്രമണത്തിൽ ആർ‌ജി‌ഐ എയർപോർട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News