കഞ്ചാവ് കൈവശം വെച്ചു; ഐഐടി ബാബ പൊലീസ് പിടിയിൽ; പ്രസാദമാണെന്ന് അവകാശം
താൻ അഘോരി ബാബയാണെന്നും ആചാരപ്രകാരം കഞ്ചാവ് കഴിക്കുന്ന ആളാണെന്നും പൊലീസ് ചോദ്യം ചെയ്യലിൽ ഐഐടി ബാബ
ന്യൂ ഡൽഹി: കഞ്ചാവ് കൈവശം വച്ചതിന് ഐഐടി ബാബയ്‌ക്കെതിരെ കേസ്. മഹാകുംഭമേളയിലൂടെ ശ്രദ്ധേയനായ ഐഐടി ബാബ എന്ന അഭയ് സിങ് കഞ്ചാവുമായി പിടിയിൽ. രാജസ്ഥാനിലെ ജയ്പുരിലുള്ള ഹോട്ടലില്‍ നിന്നാണ് പോലീസ് ഐഐടി ബാബയെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.
ഹോട്ടൽ മുറിയിൽ സംഘർഷമുണ്ടാക്കുന്നു എന്ന പരാതിയിന്മേലാണ് പൊലീസ് എത്തിയത്. ചെറിയ അളവിൽ കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് (എന്‍ഡിപിഎസ്) പ്രകാരം കേസെടുത്തു. ചെറിയ അളവായതിനാൽ ജാമ്യത്തിൽ വിട്ടയച്ചു. എന്നാൽ, പിടികൂടിയത് കഞ്ചാവല്ലെന്നും പ്രസാദമാണെന്നും ജാമ്യത്തിലിറങ്ങിയ ബാബ മാധ്യമങ്ങളോട് പറഞ്ഞു.
താൻ അഘോരി ബാബയാണെന്നും ആചാരപ്രകാരം കഞ്ചാവ് കഴിക്കുന്ന ആളാണെന്നും പൊലീസ് ചോദ്യം ചെയ്യലിൽ ഐഐടി ബാബ പറഞ്ഞു. ‘ഞാൻ താമസിച്ചിരുന്ന ഹോട്ടലിൽ എത്തിയ പൊലീസ് എന്നെ കസ്റ്റഡിയിലെടുത്തു. ബഹളം ഉണ്ടാക്കുകയാണെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് അവർ വന്നത്. കുംഭമേളയിലെ മിക്കവാറും എല്ലാ ബാബമാരും പ്രസാദമായി കഞ്ചാവ് കഴിക്കുന്നുണ്ട്. അവരെയെല്ലാം അറസ്റ്റ് ചെയ്യുമോ?’ -അദ്ദേഹം ചോദിച്ചു.
ഐഐടി ബോംബെ പൂർവ്വ വിദ്യാർത്ഥിയും മുൻ എയ്‌റോസ്‌പേസ് എഞ്ചിനീയറുമാണ് ഐഐടി ബാബ എന്നറിയപ്പെടുന്ന അഭയ് സിങ്. സന്യാസിയായ അഭയ് സിങ് മഹാകുംഭമേളയിലെത്തിയതോടെയാണ് ശ്രദ്ധ നേടിയത്.