കരുതിയിരുന്നോളൂ; ആദായ നികുതി വകുപ്പിന് ഇനി നിങ്ങളുടെ ഫേസ്ബുക്കും ഇൻസ്റ്റയും പരിശോധിക്കാം
സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പുറമെ ബാങ്ക് അക്കൗണ്ടുകൾ, ഓൺലൈൻ നിക്ഷേപങ്ങൾ, ട്രേഡിംഗ് അക്കൗണ്ടുകൾ എന്നിവയും ആദായനികുതി വകുപ്പിന് അന്വേഷിക്കാം
ന്യൂ ഡൽഹി: നികുതി വെട്ടിപ്പ് തടയാൻ ഉദ്യോഗസ്ഥർക്ക് വിശാലമായ അധികാരങ്ങൾ നൽകി ആദായ നികുതി വകുപ്പ്. അടുത്ത സാമ്പത്തിക വർഷം മുതൽ നികുതിവെട്ടിപ്പ് നടത്തിയവരുടെ ഡിജിറ്റൽ അക്കൗണ്ടുകൾ പരിശോധിക്കാൻ ആദായ നികുതി ഉദ്യോഗസ്ഥർക്ക് നിയമപരമായ അവകാശം ലഭിക്കും. ഇതുപ്രകാരം നികുതിവെട്ടിക്കുകയോ, സാമ്പത്തിക ക്രമക്കേടുകൾ നടത്തുകയോ ചെയ്തവരുടെ ഇമെയിൽ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആക്‌സസ് ചെയ്യാൻ ആദായനികുതി ഉദ്യോഗസ്ഥർക്ക് കഴിയും.
പുതിയ ആദായ നികുതി ബില്ലിന് കീഴിലാണ് മാറ്റങ്ങൾ. സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പുറമെ ബാങ്ക് അക്കൗണ്ടുകൾ, ഓൺലൈൻ നിക്ഷേപങ്ങൾ, ട്രേഡിംഗ് അക്കൗണ്ടുകൾ എന്നിവയും ആദായനികുതി വകുപ്പിന് അന്വേഷിക്കാം. ഒരാൾ നികുതി വെട്ടിച്ചതായോ അല്ലെങ്കിൽ മനപ്പൂർവ്വം വെളിപ്പെടുത്താത്ത ആസ്തികൾ, പണം, സ്വർണം, ആഭരണങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ തുടങ്ങിയവയോ കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്ക് പരിശോധനകൾ നടത്താനുള്ള അവകാശമുണ്ടാകും.
സാമ്പത്തിക തട്ടിപ്പ്, മനപ്പൂർവ്വം വെളിപ്പെടുത്താത്ത ആസ്തികൾ, നികുതി വെട്ടിപ്പ് എന്നിവ തടയുക എന്നതാണ് ഈ മാറ്റത്തിന്റെ ലക്ഷ്യമെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. നിലവിലുള്ള ഐടി ആക്ടിലെ സെക്ഷൻ 132 പ്രകാരമാണ് ഉദ്യോഗസ്ഥർക്ക് ഈ അധികാരം ലഭിക്കുക. നിലവിൽ ഇത്തരം വെട്ടിപ്പുകൾ നടത്തിയാൽ വ്യക്തികളുടെ ആസ്തികളും വിവരങ്ങളും കണ്ടുകെട്ടാന്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും. പരിശോധനകൾ നടത്താനായി താക്കോലുകൾ ലഭിച്ചില്ലെങ്കിൽ ലോക്കർ, മുറിയുടെ വാതിൽ എന്നിവ തകർക്കാനും അധികാരമുണ്ട്. എന്നാൽ ഈ അധികാരങ്ങളെ വിപുലീകരിച്ചുകൊണ്ടാണ് ഡിജിറ്റൽ സ്പേസിലേക്കും പ്രവേശനം നൽകിയിരിക്കുന്നത്.