'ഇൻഡ്യാ' മുന്നണിയുടെ മൂന്നാം യോഗം ഇന്ന് മുംബൈയിൽ; ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം മുഖ്യ അജണ്ട

മുന്നണി കൺവീനറെ കണ്ടെത്താനുള്ള ചർച്ചയും നടക്കും

Update: 2023-08-31 00:51 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി: 'ഇൻഡ്യ' മുന്നണിയുടെ മൂന്നാം യോഗം മുംബൈയിൽ ഇന്ന് ചേരും. കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി ഇന്ന് ആരംഭിക്കുന്ന യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനം ആണ് യോഗത്തിലെ മുഖ്യ അജണ്ട. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഓരോ ചുവടും കരുതലോടെ ആണ് പ്രതിപക്ഷം മുന്നോട്ട് വെക്കുന്നത്.

പ്രതിപക്ഷ പാർട്ടികൾക്കിടയിലെ അഭിപ്രായ ഭിന്നതകളും ആശയക്കുഴപ്പവും മറികടക്കാൻ മൂന്നാം യോഗത്തോടെ സാധിക്കുമെന്ന പ്രതീക്ഷയാണ് ഇൻഡ്യ മുന്നണിക്ക്. പ്രധാനമന്ത്രി പദത്തിന് അവകാശവാദം ആംആദ്മി പാർട്ടി കൂടി ഉന്നയിച്ചാൽ പ്രതിപക്ഷ ചർച്ച പ്രതിസന്ധിയിൽ ആകും. ഡൽഹി ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ സീറ്റ് വിഭജനത്തിൽ ധാരണ ഉണ്ടായാൽ പല പാർട്ടികൾ തമ്മിലുള്ള തർക്കത്തിന് പരിഹാരം ഉണ്ടായേക്കും. മുംബൈയിൽ നടക്കുന്ന മൂന്നാം യോഗത്തിൻ്റെ സംഘാടന ചുമതല മഹാ വികാസ് അഘാഡി സഖ്യത്തിനാണ്. രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും ഉയർത്തിപ്പിടിക്കുന്ന 'ഇൻഡ്യ' മുന്നണി ലോഗോ പ്രകാശനവും മൂന്നാം യോഗത്തിൻ്റെ മുഖ്യ അജണ്ടയാണ്. ഇൻഡ്യ മുന്നണി കൺവീനറെ കണ്ടെത്താൻ ഉള്ള ചർച്ചകൾ ഇന്നും നാളെയുമായി യോഗത്തിൽ നടക്കും.

സോണിയാ ഗാന്ധിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ചും നിതീഷ് കുമാർ നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചുമാകും കൺവീനർ സ്ഥാനം സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികൾ അന്തിമ തീരുമാനം എടുക്കുക. അതേസമയം, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ഏതൊക്കെ പാർട്ടികൾ യോഗത്തിന് എത്തുമെന്ന് ആശങ്കയോടെ ആണ് ബിജെപി നോക്കിക്കാണുന്നത്. മുന്നണി വിട്ട പഴയ സഖ്യ കക്ഷികളെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി വീണ്ടും മുന്നണിയിലേക്ക് എത്തിക്കാൻ ബിജെപി തീവ്ര ശ്രമം തുടരുകയാണ്. അതിനിടെ എൻഡിഎ പാളയത്തിൽ ചോർച്ച ഉണ്ടായാൽ അതും ബിജെപിക്ക് തിരിച്ചടി ആണ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News