'ദേശതാത്പര്യത്തിന് വിരുദ്ധം'; അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം ചർച്ച ചെയ്യാനാകില്ലെന്ന് കേന്ദ്രസർക്കാർ

സുബ്രഹ്മണ്യന്‍ സ്വാമിക്ക് നല്‍കിയ മറുപടിയില്‍ രാജ്യസഭാ സെക്രട്ടറിയേറ്റാണ് ഇക്കാര്യം അറിയിച്ചത്

Update: 2021-12-01 08:37 GMT
Editor : abs | By : abs
Advertising

ന്യൂഡൽഹി: ലഡാക് അതിർത്തിയിലെ ചൈനീസ് അധിനിവേശവുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ. ലഡാകിലെ യഥാർത്ഥ നിയന്ത്രണ രേഖയിലെ ചൈനീസ് കടന്നുകയറ്റം ചർച്ച ചെയ്യണമെന്ന് രാജ്യസഭാ എംപി സുബ്രഹ്‌മണ്യൻ സ്വാമിയാണ് ആവശ്യപ്പെട്ടത്. എന്നാൽ ദേശതാത്പര്യം കണക്കിലെടുത്ത് വിഷയം ചർച്ച ചെയ്യാനാകില്ല എന്നാണ് രാജ്യസഭാ സെക്രട്ടറിയേറ്റ് സ്വാമിയെ അറിയിച്ചത്.

ട്വിറ്ററിലൂടെ സ്വാമി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ദുരന്തമെന്നാണ് സെക്രട്ടറിയേറ്റിന്റെ തീരുമാനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. നേരത്തെ, വിഷയത്തിൽ ബിജെപി സർക്കാറിനെ സ്വാമി രൂക്ഷമായി വിമർശിച്ചിരുന്നു. ചൈന ആയിരക്കണക്കിന് കിലോമീറ്റർ പ്രദേശം പിടിച്ചടക്കിയിട്ടുണ്ട്. ഇത് സമ്മതിക്കാനുള്ള നട്ടെല്ല് മോദി സർക്കാറിനില്ലേ എന്നും അദ്ദേഹം ചോദിച്ചിരുന്നു. 

'ചൈന ഇതിനകം തന്നെ നമുക്കുനേരെ അതിക്രമിച്ചുകയറിക്കഴിഞ്ഞു. ആയിരക്കണക്കിന് ചതുരശ്ര കി.മീറ്ററുകൾ പിടിച്ചടക്കി ടൗൺഷിപ്പുകളും റോഡുകളും നിരീക്ഷണകേന്ദ്രങ്ങളും സ്ഥാപിച്ചു. ഇപ്പോഴും നമുക്ക് അറിയില്ല. ഒരാളും വന്നിട്ടുമില്ല. ഈ സത്യം സമ്മതിക്കാനുള്ള നെഞ്ചുറപ്പ് മോദി സർക്കാരിനുണ്ടോ? അതോ 1962ലെ പോലെ ചൈനയിൽനിന്ന് കൂടുതൽ നാണക്കേട് ഏറ്റുവാങ്ങേണ്ടിവരുമോ രാജ്യം?'- അദ്ദേഹം ചോദിച്ചു.

ബി.ജെ.പി ദേശീയ നിർവാഹക സമിതിയിൽ നിന്ന് ഈയിടെ ഒഴിവാക്കപ്പെട്ട സുബ്രമണ്യൻ സ്വാമി നേതൃത്വവുമായി പരസ്യ ഏറ്റുമുട്ടലിലാണ്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കഴിഞ്ഞയാഴ്ച സുബ്രമണ്യൻ സ്വാമി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News