അതിർത്തിയിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് കരസേനാ മേധാവി

ഇന്ത്യ- ചൈന കമാന്‍ഡര്‍ തല ചർച്ചക്ക് മുമ്പാണ് എം.എം നരവണെയുടെ പ്രതികരണം

Update: 2021-10-10 04:40 GMT
Advertising

അതിർത്തിയിൽ ഒരു  വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് കരസേനാ മേധാവി എം.എം നരവണെ. ചൈനീസ് സേന അതിർത്തിയിൽ തുടരന്നിടത്തോളം ഇന്ത്യൻ സേനയും തുടരുമെന്ന് അദ്ദേഹം പറഞ്ഞു.  ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യ- ചൈന കമാന്‍ഡര്‍ തല ചർച്ചക്ക് മുമ്പാണ്  കരസേനാ മേധാവിയുടെ പ്രതികരണം. പതിമൂന്നാം വട്ട ഇന്തോ ചൈന കമാൻഡർ തല ചർച്ചയാണ് ഇന്ന് നടക്കാനിരിക്കുന്നത്. അതിര്‍ത്തിയിലെ സൈനിക പിന്മാറ്റമാണ്  ചര്‍ച്ചയിലെ ഏറ്റവും പ്രധാന വിഷയം എന്നിരിക്കെയാണ് കരസേനാ മേധാവി നിലപാട് പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ ചൈനീസ് സേന അതിർത്തിയിൽ ഇന്ത്യക്കെതിരെ നിരന്തരമായ പ്രകോപനങ്ങൾ അഴിച്ചു വിട്ടിരുന്നു. അരുണാചൽ പ്രദേശ് സെക്ടറിൽ ചൈനീസ് സേന നിയന്ത്രണ രേഖ ലംഘിച്ച് കടക്കാൻ ശ്രമിച്ചത് ഇന്ത്യയെ പ്രകോപിപ്പിച്ചു. ഇതിനെത്തുടര്‍ന്ന് ചൈനീസ് സേനയും ഇന്ത്യൻ സേനയും മുഖാമുഖം വരികയും പിന്നീട് പ്രതിരോധ മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയുമായിരുന്നു.  നിയന്ത്രണരേഖക്ക് സമീപം ചൈന ടെന്‍റുകളും വ്യോമപാതകളും നിർമിക്കുന്നു എന്ന് നേരത്തെ ആക്ഷേപമുയർന്നിരുന്നു. കഴിഞ്ഞയാഴ്ച എം.എം നരവണെ  ലഡാക്കിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇന്ന് നടക്കുന്ന കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ തുടർച്ചയായുണ്ടാകുന്ന ചൈനീസ് പ്രകോപനത്തിൽ ഇന്ത്യ ചൈനയെ ശക്തമായ പ്രതിഷേധമറിയിക്കും. രാവിലെ10.30 നാണ് ചർച്ചയാരംഭിക്കുക. ഇരു രാജ്യങ്ങളുടേയും പ്രതിരോധ മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. യഥാർത്ഥ നിയന്ത്രണ രേഖ സംബന്ധിച്ച് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന  തർക്കങ്ങൾ പരിഹരിക്കാനാവുമെന്നാണ് ഇരുരാജ്യങ്ങളുടേയും പ്രതീക്ഷ.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News