ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് എല്ലാവര്‍ക്കും നല്‍കുന്നത് പരിഗണനയില്‍

ചില വിദേശ രാജ്യങ്ങളില്‍ യാത്ര ചെയ്യാന്‍ കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസെടുക്കേണ്ടത് അനിവാര്യമാണ്.

Update: 2022-03-21 08:32 GMT
Advertising

ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് എല്ലാ മുതിര്‍ന്നവര്‍ക്കും നല്‍കുന്നത് പരിഗണനയില്‍. മറ്റു ചില രാജ്യങ്ങളില്‍ വീണ്ടും കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് നീക്കം. ചില വിദേശ രാജ്യങ്ങളില്‍ യാത്ര ചെയ്യാന്‍ കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസെടുക്കേണ്ടത് അനിവാര്യമാണ്.

നിലവില്‍ കോവിഡ് മുന്നണി പ്രവര്‍ത്തകര്‍ക്കും 60 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്കും മാത്രമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. സ്വകാര്യ ആശുപത്രികളിൽ പണം നൽകിയാലും ഈ വിഭാഗത്തിനു മാത്രമേ ബൂസ്റ്റര്‍ ഡോസ് ലഭിക്കൂ. മറ്റ് മുതിര്‍ന്നവര്‍ക്ക് സൌജന്യമായി ബൂസ്റ്റര്‍ ഡോസ് നല്‍കണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടത്തുകയാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ഏഷ്യയിലെയും യൂറോപ്പിലെയും ചില ഭാഗങ്ങളിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ചൈന, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ അടുത്തിടെ കോവിഡ് കേസുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. അതേസമയം നിലവില്‍ ഇന്ത്യയിലെ കോവിഡ് ബാധ ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,549 പുതിയ കേസുകളും 31 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 5,16,510 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം ഇന്ത്യയില്‍ ജൂണ്‍-ജൂലൈ മാസത്തില്‍ കോവിഡിന്‍റെ അടുത്ത തരംഗമുണ്ടാകുമെന്നാണ് കാണ്‍പൂര്‍ ഐഐടിയിലെ വിദഗ്ധരുടെ റിപ്പോര്‍ട്ട്. ഈ തരംഗം ഒക്ടോബര്‍ വരെ നീണ്ടുനില്‍ക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ബൂസ്റ്റര്‍ ഡോസുകള്‍ എല്ലാ മുതിര്‍ന്നവര്‍ക്കും ലഭ്യമാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത്. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News