ബിജെപിയുടെ ജയ് ശ്രീറാമിന് പകരമായി 'ജയ് ഭവാനി, ജയ് ശിവാജി'മുദ്രാവാക്യങ്ങൾ വിളിക്കണം; ശിവസനേ പ്രവര്‍ത്തകരോട് താക്കറെ
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിയമസഭയിൽ നടത്തിയ ഒരു പരാമർശത്തിനും താക്കെറെ മറുപടി നൽകി
മുംബൈ: ബിജെപി സമൂഹത്തെ ഭിന്നിപ്പിക്കുകയാണെന്നും അവരുടെ 'ജയ് ശ്രീറാമിന്' പകരമായി 'ജയ് ഭവാനി, ജയ് ശിവാജി'മുദ്രാവാക്യങ്ങൾ വിളിക്കാൻ ശിവസേന (യുബിടി) മേധാവിയും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ ഞായറാഴ്ച തന്‍റെ അനുയായികളോട് അഭ്യർഥിച്ചു. താനെയ്ക്കടുത്തുള്ള മുളുണ്ടിന്‍റെ കിഴക്കൻ പ്രാന്തപ്രദേശത്ത് ശിവസേന (യുബിടി) പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ, ബിജെപി നേതൃത്വത്തിലുള്ള ഭരണകൂടത്തെ അഡോൾഫ് ഹിറ്റ്ലറുടെ കീഴിലുള്ള നാസി ജർമനിയോട് താക്കറെ താരതമ്യം ചെയ്തു.
"ആരെങ്കിലും ജയ് ശ്രീറാം എന്ന് പറഞ്ഞാൽ, അവർ പോകുന്നതിനുമുമ്പ് നിങ്ങളും ജയ് ശിവാജി, ജയ് ഭവാനി എന്ന് പറയുന്നത് ഉറപ്പാക്കുക. ബിജെപി നമ്മുടെ സമൂഹത്തെ വിഷലിപ്തമാക്കിയിരിക്കുന്നു. അവര്‍ക്കെതിരെ ശക്തമായി പോരാടണം'' അദ്ദേഹം പറഞ്ഞു. രാജ്യത്തോടുള്ള ബിജെപിയുടെ പ്രതിബദ്ധതയെക്കുറിച്ചും ഉദ്ധവ് താക്കറെ ആശങ്ക പ്രകടിപ്പിച്ചു. അന്താരാഷ്ട്ര കായിക മത്സരങ്ങളിലുള്ള അവരുടെ പരസ്പരവിരുദ്ധമായ നിലപാടിനെയും ചൂണ്ടിക്കാട്ടി. പാകിസ്താനുമായുള്ള കായിക മത്സരങ്ങളെ ബിജെപി മുമ്പ് എതിർത്തിരുന്നെങ്കിലും, ഇന്ത്യ ഇപ്പോൾ പാകിസ്താനുമായും ബംഗ്ലാദേശുമായും ക്രിക്കറ്റ് മത്സരങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിയമസഭയിൽ നടത്തിയ ഒരു പരാമർശത്തിനും താക്കെറെ മറുപടി നൽകി. "നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ തടയാൻ ഞാൻ ഉദ്ധവ് താക്കറെ അല്ല," എന്നായിരുന്നു രണ്ട് വർഷത്തിലേറെ മുഖ്യമന്ത്രി സ്ഥാനം വഹിച്ച താക്കെറെക്കെതിരെയുള്ള ഫഡ്‍നാവിസിന്‍റെ ഒളിയമ്പ്. "ഫഡ്‌നാവിസ് എന്നെ അനുകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, മാർച്ച് 10 ന് നടക്കാനിരിക്കുന്ന ബജറ്റിൽ കർഷകർക്കുള്ള വായ്പ എഴുതിത്തള്ളൽ പ്രഖ്യാപിക്കുകയും ശിവ് ഭോജൻ, ലഡ്കി ബഹിൻ പദ്ധതികൾ പോലുള്ള പദ്ധതികൾക്കായി പുതുക്കിയ ഫണ്ട് അനുവദിക്കുകയും വേണം." ഉദ്ധവ് താക്കറെ പ്രതികരിച്ചു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ചില പദ്ധതികൾ താൽക്കാലികമായി നിർത്തിവച്ചിരുന്നുവെന്നും, താൻ കൂടുതൽ കാലം അധികാരത്തിൽ തുടർന്നിരുന്നെങ്കിൽ മെട്രോ -3 കാർ ഷെഡ് കാഞ്ചൂർ മാർഗിലേക്ക് മാറ്റുമായിരുന്നുവെന്നും താക്കറെ അവകാശപ്പെട്ടു. ഭൂമി ഇപ്പോൾ അദാനി ഗ്രൂപ്പിന് അനുവദിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
2022-ൽ താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (എംവിഎ) സർക്കാർ വീണതിന് ശേഷമാണ് ബിജെപിയും താക്കറെയുടെ പാർട്ടിയും തമ്മിലുള്ള മുംബൈ മെട്രോ-3 കാർ ഷെഡ് സ്ഥലത്തെച്ചൊല്ലിയുള്ള തർക്കം ആരംഭിച്ചത്. തുടര്‍ന്ന ബിജെപി അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം പുതിയ സർക്കാർ പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിലെ ആരേയിൽ മെട്രോ കാർ ഷെഡ് സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. "തീരദേശ റോഡ് നിർമ്മിച്ചത് ഞാനാണെന്ന് ഫഡ്‌നാവിസിനോട് പറയണം. ആ റോഡിന്‍റെ തറക്കല്ലിടൽ ചടങ്ങ് നടത്തിയത് ഞാനാണ്" താക്കറെ കൂട്ടിച്ചേര്‍ത്തു.