രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ അവധി പ്രഖ്യാപിച്ച് ജാമിഅ മില്ലിയ സർവകലാശാല

ഇതാദ്യമായാണ് രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ഒരു കേന്ദ്ര സർവകലാശാല അവധി പ്രഖ്യാപിക്കുന്നത്.

Update: 2024-01-19 14:48 GMT
Advertising

ന്യൂഡൽഹി: രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ അവധി പ്രഖ്യാപിച്ച് ഡൽഹി ജാമിഅ മില്ലിയ സർവകലാശാല. പ്രവൃത്തിദിനമായ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 വരെയാണ് അവധി. ഇതാദ്യമായാണ് രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ഒരു കേന്ദ്ര സർവകലാശാല അവധി പ്രഖ്യാപിക്കുന്നത്.

സർവകലാശാലയുടെ ഒരു ഡിപ്പാർട്ട്‌മെന്റുകളും അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടര വരെ പ്രവർത്തിക്കരുത് എന്നാണ് സർവകലാശാല നൽകിയിരിക്കുന്ന നിർദേശം. എന്നാൽ പരീക്ഷകൾ കൃത്യമായി നടക്കുമെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം, ഉത്തരവിനെതിരെ സർവകാലാശാലയിലെ വിവിധ അധ്യാപകരും വിദ്യാർഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പ്രവൃത്തി ദിനമായതിനാൽ പല ആവശ്യങ്ങൾക്കുമായി നിരവധി വിദ്യാർഥികൾ സർവകലാശാലയിൽ എത്തുമെന്നും അവരെയൊക്കെ ഈ അവധി ബാധിക്കുമെന്നും അധ്യാപകരും വിദ്യാർഥികളും ചൂണ്ടിക്കാട്ടുന്നു.

നേരത്തേ, പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചിരുന്നു. ഉച്ചക്ക് 2.30 വരെയാണ് കേന്ദ്ര സർക്കാർ അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. ജനുവരി 22ന് മഹാരാഷ്ട്ര സർക്കാരും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതുകൂടാതെ, രാജ്യത്തെ ബാങ്കുകളും അന്നേ ദിവസം അവധി ഉച്ചയ്ക്ക് 2.30വരെ അവധിയായിരിക്കും. കേന്ദ്ര ധനകാര്യ വകുപ്പാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കിയത്. കേന്ദ്ര സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ തീരുമാനം.

പൊതുമേഖല ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക, ഗ്രാമീണ ബാങ്കുകൾ എന്നിവയൊക്കെ 22ന് ഉച്ചവരെ അടഞ്ഞുകിടക്കുമെന്ന് ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20 മുതല്‍ 12.30 വരെയാണ് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News