Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
റാഞ്ചി: പൊലീസ് സ്റ്റേഷനുള്ളിൽ വെച്ച് ഇൻസ്റ്റാഗ്രാം റീൽസുകൾ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച യുവാക്കൾക്കെതിരെ കേസ്. ജാർഖണ്ഡിലെ പലാമു ജില്ലയിലുള്ള പൊലീസ് സ്റ്റേഷനിലാണ് സംഭവം. രോഹിത് പാണ്ഡെ, സൂരജ് കുമാർ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വീഡിയോകളിൽ ഒരു യുവാവ് പൊലീസ് ലോക്കപ്പിൽ നിന്ന് സ്ലോ മോഷനിൽ പുറത്തുവരുന്ന ദൃശ്യങ്ങളാണ് ഉള്ളത്. ഈ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് ടോപ്-1 ഇൻ-ചാർജ്ജ് ഇന്ദ്രദേവ് പസ്വാന്‍റെ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ റീൽസുകളിൽ ഉപയോഗിച്ചിട്ടുള്ള പശ്ചാത്തല സംഗീതം (ബാക്ക്ഗ്രൗണ്ട് ഓഡിയോ) അപകീർത്തികരമാണെന്നും മറ്റൊരു സമുദായത്തിന്‍റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും എഫ്ഐആറിൽ പറഞ്ഞു.
പ്രതികളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നിന്ന് വീഡിയോകൾ നീക്കം ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.