ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത യുവതിയെ ഉപദ്രവിച്ചത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകക്കെതിരെ കേസെടുത്ത് യു.പി പൊലീസ്

ആയിഷ ആല്‍വി മതപരിവര്‍ത്തനത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് താന്‍ നേരിട്ട ഉപദ്രവങ്ങള്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിനാണ് നിധി സുരേഷിനെതിരെ കേസെടുത്തിരിക്കുന്നത്.

Update: 2021-07-08 09:47 GMT
Advertising

ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകക്കെതിരെ കേസെടുത്ത് യു.പി പൊലീസ്. ന്യൂസ്‌ലോണ്ടറിയില്‍ മാധ്യമപ്രവര്‍ത്തകയായ നിധി സുരേഷിനെതിരെയാണ് മാധ്യമപ്രവര്‍ത്തകയായ ദീപ് ശ്രീവാസ്തവയുടെ പരാതിയില്‍ സര്‍ദാര്‍ ബസാര്‍ പൊലീസ് കേസെടുത്തത്. ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത ആയിഷ ആല്‍വിയെന്ന യുവതിയെ ദീപ് ശ്രീവാസ്തവ ഭീഷണിപ്പെടുത്തി പണം തട്ടിയത് റിപ്പോര്‍ട്ട് ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്

ദീപ് ശ്രീവാസ്തവയുടെ പരാതിയില്‍ യു.പി പൊലീസ് എനിക്കെതിരെ മാനനഷ്ടക്കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. എന്നാല്‍ നിയമപ്രകാരം ഒരു മജിസ്‌ട്രേറ്റിന്റെ അംഗീകാരമില്ലാതെ ക്രിമിനല്‍ മാനനഷ്ടക്കേസ് രജിസ്റ്റര്‍ ചെയ്യാനാവില്ല-നിധി സുരേഷ് ട്വീറ്റ് ചെയ്തു.

നിധി സുരേഷ് ടിറ്ററിലൂടെ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നു എന്നാണ് ദീപ് ശ്രീവാസ്തവയുടെ പരാതിയില്‍ പറയുന്നത്. ഐ.പി.സി 500, 501 വകുപ്പുകള്‍ പ്രകാരമാണ് നിധി സുരേഷിനെതിരെ കേസെടുത്തിരിക്കുന്നത്.

ജൂണ്‍ അഞ്ചിന് രാവിലെയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ നിധി സുരേഷിനെ വിളിച്ച് അവര്‍ക്കെതിരായ പരാതിയില്‍ മൊഴിയെടുക്കാന്‍ ഷാജഹാന്‍പൂര്‍ സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടത്. വൈകീട്ട് ആറു മണിയോടെ വീണ്ടും പൊലീസ് ഓഫീസര്‍ വിളിച്ച് സ്റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയിലാണെന്ന് പറഞ്ഞപ്പോള്‍ നിര്‍ബന്ധമായും സ്‌റ്റേഷനില്‍ നേരിട്ടെത്തണമെന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതെന്ന് നിധി സുരേഷ് പറയുന്നു.

ആയിഷ ആല്‍വി മതപരിവര്‍ത്തനത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് താന്‍ നേരിട്ട ഉപദ്രവങ്ങള്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിനാണ് നിധി സുരേഷിനെതിരെ കേസെടുത്തിരിക്കുന്നത്.

ഒരു മാധ്യമപ്രവര്‍ത്തകന്‍ തന്നെ ഫോണില്‍ വിളിച്ചു പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയെന്നാണ് ആയിഷയുടെ പരാതിയില്‍ പറയുന്നത്. 20,000 രൂപ നല്‍കിയില്ലെങ്കില്‍ മതപരിവര്‍ത്തനത്തെ കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും ഇത് അറസ്റ്റിനും നിയമനടപടികള്‍ക്കും കാരണമാവുമെന്നുമായിരുന്നു ഭീഷണി.

ഈ നമ്പറില്‍ നിധി സുരേഷ് തിരിച്ചുവിളിച്ചപ്പോള്‍ ന്യൂസ് 18 ചാനലിലെ ദീപ് ശ്രീവാസ്തവയാണ് ഫോണ്‍ അറ്റന്‍ഡ് ചെയ്തത്. എന്നാല്‍ താന്‍ ആയിഷയോട് പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ആരോപണം വ്യാജമാണെന്നുമാണ് ദീപ് ശ്രീവാസ്തവ പറയുന്നത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News