'ഭേദഗതികളും അഭിപ്രായങ്ങളും 48 മണിക്കൂറിനകം എഴുതി നൽകണം'; വഖഫ് ബില്ലിൽ തിരക്കിട്ട നീക്കങ്ങളുമായി ജെപിസി

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വഖഫ് ബിൽ വീണ്ടും പാർലമെന്റിൽ എത്തിക്കാനാണ് കേന്ദ്ര നീക്കം

Update: 2025-01-23 11:50 GMT

ന്യൂഡൽഹി: വിവാദ വഖഫ് ബിൽ വീണ്ടും പാർലമെന്റിൽ എത്തിക്കാൻ സംയുക്ത പാർലമെന്ററി സമിതി (ജെപിസി)യിൽ തിരക്കിട്ട നീക്കങ്ങളുമായി കേന്ദ്രം. 22ന് വൈകിട്ട് നാലുമണിക്കകം വഖഫ് ബില്ലിൽ ജെപിസി അംഗങ്ങൾക്കുള്ള ഭേദഗതികൾ സമർപ്പിക്കാൻ 20നാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് കത്ത് നൽകിയത്. എൻഡിഎ ഘടകകക്ഷികളായ ജെഡി(യു), ടിഡിപി എന്നീ പാർട്ടികൾ വഖഫ് ബില്ലിൽ വിയോജിപ്പ് അറിയിച്ചിരുന്നു. വഖഫ് ബോർഡിൽ മുസ്‌ലിംകളല്ലാത്ത പ്രതിനിധികളെ ഉൾപ്പെടുത്താനുള്ള വ്യവസ്ഥ മാത്രമൊഴിവാക്കി അപകടകരമായ മറ്റു വ്യവസ്ഥകളെല്ലാം നിലനിർത്തി ബിൽ വീണ്ടും കൊണ്ടുവരാനാണ് നീക്കമെന്നാണ് സൂചന.

Advertising
Advertising

അതേസമയം വഖഫ് ബില്ലിൽ കേന്ദ്രസർക്കാർ നീക്കം അംഗീകരിക്കാനാവില്ലെന്ന് സംയുക്ത പാർലമെന്ററി സമിതിയിലെ പ്രതിപക്ഷ അംഗങ്ങൾ സമിതി ചെയർമാനും ബിജെപി നേതാവുമായ ജഗദാംബിക പാലിനെ അറിയിച്ചു. വഖഫ് ബില്ലിലുള്ള ഭേദഗതികളും അഭിപ്രായങ്ങളും 48 മണിക്കൂറിനകം എഴുതി സമർപ്പിക്കാൻ ലോക്‌സഭാ സെക്രട്ടേറിയറ്റ് നൽകിയ നിർദേശം അംഗീകരിക്കാൻ പ്രതിപക്ഷ അംഗങ്ങൾ തയ്യാറായിട്ടില്ല. സമയപരിധി നീട്ടണമെന്ന് സമിതി അംഗമായ ഡിഎംകെ നേതാവ് എ. രാജ ചെയർമാന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

ജെഡി(യു), ടിഡിപി എന്നീ പാർട്ടികളുടെ എതിർപ്പിനെ തുടർന്നാണ് കൂടുതൽ ചർച്ചകൾക്കും പരിശോധനകൾക്കും ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം വരെ സമയം നൽകി ബിൽ നീട്ടിവെക്കാൻ ബിജെപി നിർബന്ധിതമായത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിൽ കൊണ്ടുവന്ന് ആപ്പിനെയും കോൺഗ്രസിനെയും പ്രചാരണരംഗത്ത് പ്രതിസന്ധിയിലാക്കുമെന്ന് ബിജെപി കേന്ദ്രങ്ങൾ നേരത്തെ പറഞ്ഞിരുന്നു. സഖ്യകക്ഷികളുടെ എതിർപ്പാണ് ഇതിന് തടസ്സമായത്. വീണ്ടും തിരക്കിട്ട നീക്കങ്ങളുമായി കേന്ദ്രം മുന്നോട്ട് പോകുമ്പോൾ ജെഡി(യു)വിനെയും ടിഡിപിയെയും അനുനയിപ്പിച്ചോ എന്നാണ് പ്രതിപക്ഷം സംശയം പ്രകടിപ്പിക്കുന്നത്.

വഖഫ് ബില്ലിൽ ബിജെപി തിടുക്കം കാട്ടുന്നത് ഡൽഹി തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണെന്ന് മുസ്‌ലിം ലീഗ് രാജ്യസഭാ എംപി ഹാരിസ് ബീരാൻ മീഡിയവണിനോട് പറഞ്ഞു. മതധ്രുവീകരണത്തിനാണ് ബിജെപി ശ്രമം. ഏത് വിധേനയും ഡൽഹി പിടിക്കാൻ വഖഫ് ബില്ലും ആയുധമാക്കുകയാണ്. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ യോഗി ആദിത്യനാഥ് പ്രചാരണത്തിന് എത്തി. വഖഫ് ബില്ലും കുംഭമേളയുമെല്ലാം തെരഞ്ഞെടുപ്പിനായി ബിജെപി ഉപയോഗിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ട്രാക്ക് ബിജെപി മാറ്റുന്നതാണ് കാണുന്നത്. ഹോംവർക്ക് ഇല്ലാതെയാണ് വഖഫ് ബില്ലുമായി മുന്നോട്ട് പോകുന്നത്. ജെപിസി ചെയർമാൻ തന്റെ മേലാളന്മാർ പറയുന്നതുപോലെ കാര്യങ്ങൾ നീക്കുകയാണ്. ബിജെപിക്ക് അറിയാവുന്ന ഏക ആയുധമായ മതധ്രുവീകരണം ഡൽഹിലും ഉപയോഗിക്കുകയാണെന്നും ഹാരിസ് ബീരാൻ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News