ജഡ്ജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമ്മയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്നും മാറ്റി

മാര്‍ച്ച് 14 ഹോളി ദിനത്തില്‍ ആയിരുന്നു ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതായി ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്

Update: 2025-03-24 07:21 GMT
Editor : സനു ഹദീബ | By : Web Desk

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയിൽ നിന്ന കെട്ട് കണക്കിന് പണം കണ്ടെത്തിയ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്നും മാറ്റി. ഡൽഹി ഹൈക്കോടതിയിൽ ഇന്ന് കേസ് പരിഗണിക്കുന്ന ജഡ്ജിമാരിൽ യശ്വന്ത് വർമയുടെ പേരുമുണ്ടായിരുന്നു. ഇതിൽ നിന്നാണ് ഒഴിവാക്കിയത്. ജസ്റ്റിസ് വർമ്മയ്ക്ക് തൽക്കാലം ഒരു ജുഡീഷ്യൽ ജോലിയും നൽകേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് ഖന്ന ശുപാർശ ചെയ്തതിനെ തുടർന്നാണ് തീരുമാനം.

മാര്‍ച്ച് 14 ഹോളി ദിനത്തില്‍ ആയിരുന്നു ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതായി ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. തീപ്പിടുത്തം ഉണ്ടായതിനെ തുടർന്നാണ് ഫയർഫോഴ്‌സ് ഉദോഗസ്ഥർ ജഡ്ജിയുടെ വീട്ടിൽ എത്തിയിരുന്നത്. എന്നാല്‍ ഇന്നലെ ഫയര്‍ഫോഴ്‌സ് മേധാവി അതുല്‍ ഗാര്‍ഗ് ഈ വാര്‍ത്ത നിഷേധിച്ചിരുന്നു.

Advertising
Advertising

സംഭവത്തില്‍ സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. പഞ്ചാബ് ഹൈക്കോടതി ചീഫ് ജസ്റ്റിസും ഹരിയാന ജസ്റ്റിസുമായ ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ് സാന്ധവാലിയ കര്‍ണാടക ഹൈക്കോടതി ജഡ്ജി അനു ശിവരാമന്‍ എന്നിവര്‍ അംഗങ്ങളായ സമിതിയെ ആണ് അന്വേഷണത്തിന് നിയോഗിച്ചത്. പിന്നാലെയാണ് ജഡ്ജിയെ ചുമതലകളിൽ നിന്ന് മാറ്റിയത്.

“സമീപകാല സംഭവങ്ങൾ കണക്കിലെടുത്ത്, ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ബഹുമാനപ്പെട്ട യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ജോലികൾ ഉടൻ പ്രാബല്യത്തിൽ പിൻവലിക്കുന്നു,” ഡൽഹി ഹൈക്കോടതി തിങ്കളാഴ്ച പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. ജസ്റ്റിസ് വർമ്മയുടെ ബെഞ്ച് കൈകാര്യം ചെയ്ത കേസുകൾ ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരടങ്ങിയ ബെഞ്ചിലേക്ക് നിയോഗിച്ച് പുതിയ പട്ടികയും ഹൈക്കോടതി പുറപ്പെടുവിച്ചു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News