തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലത്തിൽ പോലും കനത്ത തോൽവി; കർണാടക മുഖ്യമന്ത്രിയെ മാറ്റുമെന്ന് റിപ്പോർട്ട്

അടുത്തിടെ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് തിരിച്ചടിയേറ്റിരുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ഹനഗലിൽ പോലും പാർട്ടിയുടെ പ്രകടനം ദയനീയമായിരുന്നു. മുഖ്യമന്ത്രിയുടെ പ്രവർത്തനത്തിൽ അതൃപ്തിയറിച്ച് നിരവധി എം.എൽ.എമാരും മന്ത്രിമാരും കേന്ദ്ര നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.

Update: 2022-01-25 12:22 GMT
Advertising

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെയെ മാറ്റാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം ആലോചിക്കുന്നതായി റിപ്പോർട്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ ജനപ്രിയനായ വ്യക്തിയെ മുഖ്യമന്ത്രിയാക്കാനാണ് കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്.

അടുത്തിടെ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് തിരിച്ചടിയേറ്റിരുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ഹനഗലിൽ പോലും പാർട്ടിയുടെ പ്രകടനം ദയനീയമായിരുന്നു. മുഖ്യമന്ത്രിയുടെ പ്രവർത്തനത്തിൽ അതൃപ്തിയറിച്ച് നിരവധി എം.എൽ.എമാരും മന്ത്രിമാരും കേന്ദ്ര നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകൾ കഴിഞ്ഞാൽ കേന്ദ്ര നേതൃത്വം കർണാടകയുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് വിവരം. ഒരു യുവനേതാവിനെ മുഖ്യമന്ത്രിക്കാനും പാർട്ടിക്ക് ആലോചനയുണ്ട്.

മന്ത്രിസഭാ പുനഃസംഘടനക്കും സാധ്യതയുണ്ടെന്നാണ് വിവരം. മുതിർന്ന നേതാക്കളായ കെ.എസ് ഈശ്വരപ്പ, മുരുകേശ് നിരാനി, സി.സി പാട്ടീൽ, പ്രഭു ചൗഹാൻ എന്നിവരെ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയേക്കും. കോൺഗ്രസ്, ജെ.ഡി.എസ് പാർട്ടികൾ വിട്ടെത്തിയ നിരവധി എം.എൽ.എമാർ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് രംഗത്തുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കാലുമാറ്റം തടയാൻ ഇവരെയും തൃപ്തിപ്പെടുത്തേണ്ടതുണ്ട്.

പാർട്ടിയെ ശക്തിപ്പെടുത്താൻ മുഖ്യമന്ത്രിയെ മാറ്റിയ ശേഷം മന്ത്രിസഭയും പുനഃസംഘടിപ്പിക്കുമെന്ന് ബി.ജെ.പി നേതാക്കളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ബി.എസ് യെദിയൂരപ്പയെ മാറ്റി കഴിഞ്ഞ വർഷം അവസാനമാണ് ബസവരാജ ബൊമ്മെയെ മുഖ്യമന്ത്രിയാക്കിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News