ഡി.കെ ശിവകുമാർ കാത്തിരിക്കേണ്ടിവരുമോ?; കർണാടക പ്രതിസന്ധിയിൽ 10 പോയിന്റുകൾ

പ്രതിസന്ധി പരസ്യമായ സാഹചര്യത്തിൽ വിഷയത്തിൽ ഉടൻ ഒരു തീരുമാനമെടുക്കാൻ കോൺഗ്രസ് നേതൃത്വം നിർബന്ധിതമായിട്ടുണ്ട്

Update: 2025-11-28 09:11 GMT

ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും തമ്മിലുള്ള തർക്കം രൂക്ഷമായി തുടരുന്നു. 2023ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രണ്ടര വർഷം വീതം മുഖ്യമന്ത്രി സ്ഥാനം വീതംവെക്കാമെന്നാണ് തീരുമാനിച്ചത് എന്നാണ് ശിവകുമാർ പക്ഷം പറയുന്നത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. നിലവിൽ രണ്ടര വർഷം പൂർത്തിയായ സാഹചര്യത്തിൽ സിദ്ധരാമയ്യ മാറണം എന്നാണ് ശിവകുമാർ ആവശ്യപ്പെടുന്നത്.

പ്രധാനപ്പെട്ട 10 പോയിന്റുകൾ

  1. സിദ്ധരാമയ്യയുടെ പദവിക്ക് നിലവിൽ വെല്ലുവിളിയില്ല എന്നാണ് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. എംഎൽഎമാരിൽ ഭൂരിഭാഗവും സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നവരാണ്. കോൺഗ്രസിന്റെ 137 എംഎൽഎമാരിൽ 100 പേരും സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നവരാണ്. അഹിന്ദ സമുദായങ്ങളുടെ ശക്തമായ പിന്തുണയുള്ള സിദ്ധരാമയ്യയെ അദ്ദേഹത്തിന്റെ പൂർണ സമ്മതമില്ലാതെ മാറ്റിയാൽ അത് കോൺഗ്രസിന് വലിയ തിരിച്ചടിയാകും.
  2. Advertising
    Advertising
  3. സിദ്ധരാമയ്യയെ മാറ്റുന്നതിനായി ശിവകുമാർ പക്ഷം ഹൈക്കമാൻഡിൽ ശക്തമായ സമ്മർദം ചെലുത്തുന്നുണ്ട്. ശിവകുമാറിനെ പിന്തുണയ്ക്കുന്ന എംഎൽഎമാർ പല ഗ്രൂപ്പുകളായി ഡൽഹിയിലെത്തി കേന്ദ്ര നേതൃത്വത്തിന് നിവേദനം നൽകിയിരുന്നു. മന്ത്രിസഭാ പുനഃസംഘടനയാണ് സിദ്ധരാമയ്യ പക്ഷം മുന്നോട്ടുവെക്കുന്നത്. മുഖ്യമന്ത്രി പദവിയിൽ തുടരാനുള്ള താത്പര്യം അദ്ദേഹം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
  4. പാർട്ടിക്കുള്ളിൽ ഡി.കെ ശിവകുമാറിന് പിന്തുണ കുറവാണ്. രാഷ്ട്രീയ സ്വാധീനമുള്ള വൊക്കലിഗ വിഭാഗത്തിന്റെ പിന്തുണ ശിവകുമാറിനുണ്ട്. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വൊക്കലിഗ വിഭാഗത്തിന്റെ വോട്ടുകൾ ജനതാദളിൽ നിന്ന് കോൺഗ്രസിൽ എത്തിച്ചത് ശിവകുമാറാണ്.
  5. വൊക്കലിഗ സമുദായം ഡി.കെ ശിവകുമാറിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സമാധാനപരമായി അധികാരം കൈമാറാൻ സിദ്ധരാമയ്യ തയ്യാറാവണമെന്നും അല്ലെങ്കിൽ വ്യാപക പ്രതിഷേധം നേരിടേണ്ടിവരുമെന്നും മൈസൂരു വൊക്കലിഗ അസോസിയേഷൻ പറഞ്ഞിരുന്നു.
  6. ഡിസംബർ എട്ടിന് നിയമസഭയുടെ ശൈത്യകാല സമ്മേളനം തുടങ്ങുന്നതിന് മുമ്പ് തർക്കത്തിന് പരിഹാരം കാണണമെന്ന് മല്ലികാർജുൻ ഖാർഗെ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിസന്ധി തുടർന്നാൽ അത് ബിജെപി മുതലെടുക്കും. നിലവിൽ പാർട്ടി ഭരിക്കുന്നത് മൂന്ന് സംസ്ഥാനം മാത്രമാണ്. അതിൽ ഒന്നുകൂടി നഷ്ടമായാൽ വലിയ തിരിച്ചടിയാവുമെന്നും ഖാർഗെ രാഹുലിന് മുന്നറിയിപ്പ് നൽകിയതായാണ് വിവരം.
  7. കോൺഗ്രസിലെ പ്രതിസന്ധി ബിജെപി സൂക്ഷമമായി നിരീക്ഷിച്ചുവരികയാണ്. ഭരണപക്ഷത്തിന് ജനങ്ങളുടെ വിശ്വാസം നഷ്ടമായെന്ന് ബിജെപി കർണാടക അധ്യക്ഷൻ ബി.വൈ വിജയേന്ദ്ര പറഞ്ഞു. കാര്യങ്ങൾ എങ്ങോട്ടാണ് പോകുന്നത് എന്നറിയില്ല. കോൺഗ്രസിന് കേവല ഭൂരിപക്ഷമുണ്ടെങ്കിലും ഇപ്പോൾ നടക്കുന്നത് ദൗർഭാഗ്യകരമായ കാര്യങ്ങളാണെന്ന് വിജയേന്ദ്ര പറഞ്ഞു.
  8. പ്രതിസന്ധികൾക്കിടയിലും സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും പരസ്പരം സൗമ്യമായാണ് പ്രതികരിച്ചിരുന്നത്. എന്നാൽ വ്യാഴാഴ്ച കാര്യങ്ങൾ അൽപം മാറി. ''വാക്കിന്റെ ശക്തിയാണ് ലോകത്തിലെ വലിയ ശക്തി. അതായത്, പറഞ്ഞ വാക്ക് പാലിക്കുന്നതാണ് ലോകത്തിലെ വലിയ ശക്തിയെന്ന് പറയാറുണ്ട്. ഒരു ജഡ്ജിയായാലും ഇന്ത്യൻ രാഷ്ട്രപതിയായാലും ഞാനായാലും നിങ്ങളായാലും വാക്കാണ് ഏറ്റവും വലിയ ശക്തി. നമ്മൾ അതിനെ ബഹുമാനിക്കണം'' എന്നാണ് ശിവകുമാർ ഒരു പാർട്ടി ചടങ്ങിനിടെ പറഞ്ഞത്. എന്നാൽ ഇതിന് പരോക്ഷ മറുപടിയായി വൈകിട്ട് സിദ്ധരാമയ്യയുടെ എക്‌സ് പോസ്റ്റ് വന്നു. ''ഒരു വാക്ക് ജനങ്ങൾക്ക് ഉപയോഗപ്പെട്ടില്ലെങ്കിൽ അതിന് ശക്തിയില്ല. ഞങ്ങളുടെ ഉറപ്പുകൾ വാക്കുകളിൽ അല്ല, പ്രവൃത്തിയിലാണ്'' എന്നാണ് സിദ്ധരാമയ്യയുടെ പോസ്റ്റ്.
  9. പ്രതിസന്ധി പരസ്യമായ സാഹചര്യത്തിൽ വിഷയത്തിൽ ഉടൻ ഒരു തീരുമാനമെടുക്കാൻ കോൺഗ്രസ് നേതൃത്വം നിർബന്ധിതമായിട്ടുണ്ട്. ഇരുവരും വിട്ടുവീഴ്ചക്ക് തയ്യാറായില്ലെങ്കിൽ ഒരു ഇടക്കാല മുഖ്യമന്ത്രി വരാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ആഭ്യന്തരമന്ത്രി ജി.പരമേശ്വരക്ക് നറുക്ക് വീഴാനാണ് സാധ്യത.
  10. എന്തായാലും താൻ സ്വയം രാജിവെക്കില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ കാലം കർണാടക മുഖ്യമന്ത്രിയായ വ്യക്തിയെന്ന റെക്കോർഡ് അദ്ദേഹത്തിന്റെ തൊട്ടരികിലാണ്. ഈ സാഹചര്യത്തിൽ അദ്ദേഹം സ്വയം ഒഴിയില്ലെന്ന് ഉറപ്പാണ്. ഇത് മറികടക്കാൻ ഡി.കെ ശിവകുമാർ എന്ത് വഴി തേടും എന്നാണ് ഇനി അറിയാനുള്ളത്.
Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News