നിർബന്ധിത മതപരിവർത്തന നിരോധന ബിൽ കർണാടക നിയമസഭ പാസാക്കി

പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബിൽ പാസാക്കിയത്.

Update: 2021-12-23 12:20 GMT

നിർബന്ധിത മതപരിവർത്തന നിരോധന ബിൽ കർണാടക നിയമസഭയിൽ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബിൽ പാസാക്കിയത്. ഉപരിസഭ അംഗീകരിച്ചാൽ ബിൽ നിയമമാകും.

നിര്‍ബന്ധിത മതമാറ്റം നടത്തുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവ് ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയുമാണ് ബില്ലില്‍ പറയുന്നത്‍. കർണാടക ആഭ്യന്തരമന്ത്രി അരഗാ ജ്ഞാനേന്ദ്രയാണ് ബില്ല് സഭയിൽ അവതരിപ്പിച്ചത്. നിർബന്ധിച്ചോ സമ്മർദം ചെലുത്തിയോ കബളിപ്പിച്ചോ വിവാഹ വാഗ്ദാനം നൽകിയോ മതപരിവർത്തനം നടത്തുന്നത് പുതിയ നിയമപ്രകാരം കുറ്റകരമായിരിക്കും. മതം മാറ്റപ്പെട്ട വ്യക്തിയുമായി ബന്ധപ്പെട്ട ആരു പരാതി നല്‍കിയാലും പൊലീസിന് കേസെടുക്കാം.

Advertising
Advertising

ജനറൽ വിഭാഗത്തിലുള്ളവരെ മതം മാറ്റിയാൽ മൂന്ന് വർഷം മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയോ 25,000 രൂപ പിഴയോ ലഭിക്കും. പ്രായപൂർത്തിയാകാത്ത വ്യക്തി, ന്യൂനപക്ഷം, സ്ത്രീകൾ, എസ്‍സി/എസ്ടി എന്നീ വിഭാഗത്തിൽപ്പെട്ടവരെ മതം മാറ്റിയാൽ മൂന്ന് വർഷം മുതൽ 10 വർഷം വരെ തടവും 50,000 രൂപ പിഴ ഈടാക്കുകയും ചെയ്യും. കൂട്ടമതംമാറ്റ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നവരെ മൂന്ന് മുതല്‍ 10 വര്‍ഷം വരെ തടവിന് ശിക്ഷിക്കും. ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കും.

ബില്ലിനെതിരെ ശക്തമായ വിമര്‍ശനമാണ് കര്‍ണാടകയില്‍ ഉയര്‍ന്നത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ ബില്ല് കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. നേരത്തെ ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങൾ മതപരിവർത്തനത്തിനെതിരെ നിയമം പാസാക്കിയിരുന്നു. 

കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ ആക്രമണം തുടരുന്നതിനിടെയാണ് പുതിയ ബില്‍ പാസ്സാക്കിയത്. വിദ്യാഭ്യാസം, ആരോഗ്യം, അനാഥാലയം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ വേട്ടയാടാന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ നിയമമെന്ന് ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മെക്കാഡോ പറഞ്ഞു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News