കർണാടകയിലെ അവസാന മാവോയിസ്റ്റ് ലക്ഷ്മി കീഴടങ്ങി
2025ൽ മാത്രം 22 നക്‌സൽ പ്രവർത്തകരാണ് കീഴങ്ങിയതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്
ബെംഗളൂരു: കർണാടകയിലെ അവസാന മാവോയിസ്റ്റായി കണക്കാക്കപ്പെടുന്ന ലക്ഷ്മി കീഴടങ്ങി. ഞായറാഴ്ച്ച ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണർ വിദ്യാകുമാരി, പോലീസ് സൂപ്രണ്ട് അരുൺ കെ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കീഴടങ്ങൽ.
കർണാടകയിലെ പ്രധാന നക്സൽ നേതാക്കളിൽ ഒരാളായിരുന്നു ലക്ഷ്മി. ഏഴാം ക്ലാസ് വരെ പഠിക്കുകയും ശേഷം പാർട്ടിലേക്ക് ചേരുകയുമായിരുന്നു. ഗ്രാമത്തിലെ മോശം റോഡുകളെയും മദ്യശാലകയുടെ എതിരേയായിരുന്നു ആദ്യ പോരാട്ടം. 2006 വാരാഹി, കരവാലി എന്നിവിടങ്ങളിലെ മാവോയിസ്റ് പാർട്ടിയിലെ പ്രധാനപ്പെട്ട അംഗങ്ങളിൽ ഒരാളായി മാറി.
മൂന്ന് ക്രിമിനൽ കേസുകളാണ് ലക്ഷ്മിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മച്ചാട്ടു വില്ലേജിലെ കോർത്തുഗുണ്ടി, ചാരു, ബച്ചാലു എന്നിവിടങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ സായുധ ആക്രമണത്തിൽ പങ്കെടുത്തുവെന്നതാണ് ലക്ഷ്മിക്കെതിരെയുള്ള കുറ്റം. കർണാടകയിലെ 'എ കാറ്റഗറിയിൽ' ഉൾപ്പെട്ട മാവോയിസ്റ്റാണ് ലക്ഷ്മി. സിദ്ധരാമയ്യ സർക്കാരിൻ്റെ നക്സൽ പുനരധിവാസ പാക്കേജാണ് കീഴടങ്ങലിനെ കുറിച്ച് ചിന്തിപ്പിച്ചെന്നും ലക്ഷ്മി മാധ്യമങ്ങളോടെ പറഞ്ഞു. തനിക്കെതിരെ ചുമത്തിയിട്ടുള്ള കേസുകളിൽ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലക്ഷ്മി ജില്ലാ ഭരണകൂടത്തിന് അപേക്ഷ നൽകിയിട്ടുണ്ട്.
കീഴടങ്ങൽ പാക്കേജ് പ്രകാരം കീഴടങ്ങുന്ന മാവോസ്റ്റുകൾക്ക് ഏഴ് ലക്ഷം രൂപയും വിദ്യാഭ്യാസം, പുനഃരധിവാസം, ജോലി തുടങ്ങിയ അടിസ്ഥാന പാക്കേജുകളാണ് നൽകുക. പാക്കേജ് നിർദ്ദേശിച്ചതിന് ശേഷം 22 നക്‌സൽ പ്രവർത്തകരാണ് 2025 ൽ മാത്രം കീഴടങ്ങീട്ടുള്ളതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ലക്ഷ്മി കർണാടകയിലെ അവസാന മാവോയിസ്റ്റാണെന്നും ഇതോടെ കർണാടക നക്സൽ രഹിതമായെന്നും പൊലീസ് സൂപ്രണ്ട് വിക്രം അമതെ പറഞ്ഞു.