കെജ്‌രിവാൾ ജയിൽ മോചിതനായി; വരവേൽപ്പുമായി പാർട്ടിപ്രവർത്തകർ

50 ദിവസങ്ങൾക്ക് ശേഷമാണ് ജയിൽ മോചനം

Update: 2024-05-10 16:29 GMT
Advertising

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജാമ്യം ലഭിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിൽ മോചിതനായി. തിഹാർ ജയിലിലെ നാലാം നമ്പർ ഗേറ്റ് വഴിയാണ് പുറത്തിറങ്ങിയത്. 50 ദിവസങ്ങൾക്ക് ശേഷമാണ് ജയിലിൽ നിന്ന് മോചിതനാകുന്നത്.

സുപ്രിം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് കെജ്‌രിവാൾ ജയിൽ മോചിതനായത്. വൻ വരവേൽപ്പാണ് അദ്ദേഹത്തിന് ജയിലിന് പുറത്ത് ആംആദ്മി പാർട്ടി പ്രവർത്തകർ നൽകിയത്.

പ്രാർഥിച്ച എല്ലാവർക്കും നന്ദിയെന്ന് പുറത്തിറങ്ങിയ ശേഷം അദ്ദേഹം പ്രതികരിച്ചു. സുപ്രിംകോടതിക്ക് നന്ദി. പറഞ്ഞതു പോലെ താൻ തിരിച്ചുവന്നു. നമ്മൾ ഒരുമിച്ച് രാജ്യത്തെ രക്ഷിക്കുമെന്നും ജയിലിന് പുറത്ത് ജനങ്ങളെ അഭിസംബോധന ചെയ്ത് കെജ്‌രിവാൾ പറഞ്ഞു. നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് അദ്ദേഹം വാർത്താസമ്മേളനം നടത്തും.

ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷയിൽ ഉത്തരവ് പുറപ്പെടുവിച്ചത്. ജാമ്യ കാലയളവിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കാനാവില്ല. ഫയലുകളിൽ ഒപ്പിടരുത്, മന്ത്രിസഭായോഗം വിളിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. ജൂൺ ഒന്ന് വരെയാണ് ജാമ്യം അനുവദിച്ചത്.

കെജ്‌രിവാളിന്റെ തിരിച്ചുവരവ് ആംആദ്മി പാർട്ടിയുടെ ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തി കൂട്ടിയിരിക്കുകയാണ്. ഡൽഹിയിലും ഹരിയാനയിലും മെയ് 25നും പഞ്ചാബിൽ ജൂൺ ഒന്നിനുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News