മുഖ്യമന്ത്രിയടക്കമുള്ള കാര്യങ്ങളിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കും: മല്ലികാർജുൻ ഖാർഗെ

പ്രകടന പത്രികയിൽ ജനങ്ങൾക്ക് നൽകിയ 5 വാഗ്ദാനങ്ങളും മന്ത്രിസഭ രൂപീകരിച്ചതിന് ശേഷം നടപ്പിലാക്കുമെന്നും ഖാർഗെ

Update: 2023-05-14 13:06 GMT
Advertising

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി പദം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.  പാർട്ടി നിരീക്ഷകർ ബെംഗളൂരുവിൽ എത്തിയിട്ടുണ്ടെന്നും നിയമസഭാ കക്ഷി യോഗത്തിന് ശേഷം നിരീക്ഷകർ ഹൈക്കമാൻഡുമായി ചർച്ച നടത്തുമെന്നും ഖാർഗെ പറഞ്ഞു.

"കർണാടകയിലെ ജനങ്ങൾ ബിജെപിയെ തള്ളി കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിച്ചു. റെക്കോർഡ് വോട്ടുകളാണ് ജനങ്ങൾ ഞങ്ങൾക്ക് നൽകിയത്.ഞങ്ങളുടെ പ്രകടന പത്രികയിൽ ജനങ്ങൾക്ക് നൽകിയ 5 വാഗ്ദാനങ്ങളും മന്ത്രിസഭ രൂപീകരിച്ചതിന് ശേഷം നടപ്പിലാക്കും. ഞങ്ങളുടെ നിരീക്ഷകർ ബെംഗളൂരുവിൽ എത്തിയിട്ടുണ്ട്. നിയമസഭാകക്ഷി യോഗത്തിന് ശേഷം നിരീക്ഷകർ അഭിപ്രായം ഹൈക്കമാൻഡുമായി പങ്കുവയ്ക്കും. പിന്നീട് ഹൈക്കമാൻഡ് തീരുമാനം അറിയിക്കും". ഖാർഗെ പറഞ്ഞു.

മന്ത്രിസഭാ രൂപീകരണത്തിനുള്ള നടപടികൾ വേഗത്തിലാക്കുകയാണ് കർണാടകയിൽ കോൺഗ്രസ്. മലയാളികളായ കെ.ജെ ജോർജ്, യു.ടു ഖാദർ, എൻ.എ ഹാരിസ് എന്നിവരുടെ പേരുകൾ  ചർച്ചകളിലുണ്ട്. മുഖ്യമന്ത്രി പദത്തിൽ തീരുമാനമായാലുടൻ മന്ത്രിമാരെ പ്രഖ്യാപിക്കും.

മുതിർന്ന നേതാക്കൾക്ക് സുപ്രധാന വകുപ്പുകൾ നൽകി മന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ തർക്കം ഇല്ലാതാക്കാനാണ് പാർട്ടിയുടെ തീരുമാനം. ബി.ജെ.പിയിൽ നിന്ന് കോൺഗ്രസിലേക്ക് കയറി കൂറ്റൻ വിജയം നേടിയെത്തിയ ലക്ഷ്മൺ സവദി മന്ത്രിസഭയിൽ ഇടം നേടും. 92ആം വയസ്സിൽ തെരഞ്ഞെടുപ്പ് വിജയം നേടിയ ഷാമന്നൂർ ശിവശങ്കരപ്പക്കോ മകൻ എസ് എസ് മല്ലികാർജുനോ നറുക്ക് വീഴും. ബെല്‍ഗാവി റൂറലിൽ നിന്ന് വിജയിച്ച ലക്ഷ്മി ഹെബ്ബാൾക്കർ വനിതാ മന്ത്രിയായി ഇടം പിടിക്കും.

മലയാളിയായ കെ.ജെ ജോർജ് ഇത്തവണയും സുപ്രധാന വകുപ്പ് കൈകാര്യം ചെയ്യും. തീരദേശ കർണാടകയിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിൽ മുഖ്യപങ്ക് വഹിച്ച യു.ടി ഖാദറിന്റെ പേരും പരിഗണനയിലാണ്. എൻ.എ ഹാരിസും സാധ്യതാ പട്ടികയിലുണ്ട്. വിധാൻ സഭ നിലകൊള്ളുന്ന ശിവാജി നഗറിലെ എം.എൽ.എ റിസ്വാൻ അർഷദ് മന്ത്രിസഭയിലെ യുവമുഖമാവും. ഗാന്ധിനഗറിൽ നിന്ന് നേരിയ വിജയം നേടിയ മുൻ പി.സി.സി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവുവും മന്ത്രിസഭയിൽ ഇടം നേടിയേക്കും.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News