മ്യാന്‍മറിലെ പട്ടാള ഭരണകൂടവുമായി ബന്ധം; അദാനി പോര്‍ട്ട്സിലെ നിക്ഷേപം പിന്‍വലിച്ച് നോര്‍വീജിയന്‍ കമ്പനി

മ്യാൻമർ പട്ടാളത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് കണ്ടെയ്‌നർ ടെർമിനൽ നിർമിക്കുന്നതെന്നും സേനയുടെ നാവിക താവളമായി ഇത് മാറാമെന്നും നോർവീജിയൻ കമ്പനി ആശങ്ക പ്രകടിപ്പിച്ചിരുന്നു

Update: 2021-06-23 16:12 GMT
Editor : ubaid | By : Web Desk
Advertising

മ്യാന്‍മറിലെ പട്ടാള ഭരണകൂടവുമായി ബന്ധമുണ്ടെന്നാരോപിച്ച് അദാനി പോര്‍ട്ട്സിലെ നിക്ഷേപം പിന്‍വലിച്ച് നോര്‍വീജിയന്‍ കമ്പനി. നോർവീജിയൻ പെൻഷൻ ഫണ്ട് കെ‌എൽ‌പിയാണ് മ്യാൻമർ ഭരണകൂടവുമായി ബന്ധം ആരോപിച്ച് അദാനി പോർട്ട്സിലെ നിക്ഷേപം പിൻവലിച്ചത്. അദാനി ഗ്രൂപ്പ് മ്യാൻമറിലെ യാങ്കോണിൽ നിർമിക്കുന്ന തുറമുഖത്തിനെതിരെയാണ് നോർവീജിയൻ കമ്പനി രംഗത്തെത്തിയത്. മ്യാൻമർ പട്ടാളത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് കണ്ടെയ്‌നർ ടെർമിനൽ നിർമിക്കുന്നതെന്നും സേനയുടെ നാവിക താവളമായി ഇത് മാറാമെന്നും നോർവീജിയൻ കമ്പനി ആശങ്ക പ്രകടിപ്പിച്ചിരുന്നു. അദാനി പോര്‍ട്ട്സിന്‍റെ ആകെ നിക്ഷേപത്തിന്‍റെ 1.3 ശതമാനമാണ് മ്യാൻമറിലേത്.

കെ‌എൽ‌പിയുടെ നടപടിയിൽ പ്രതികരിക്കാനില്ലെന്നും അത് അവരുടെ ആഭ്യന്തരകാര്യമാണെന്നും അദാനി പോർട്ട്സ് പ്രതികരിച്ചു. 2021 മാർച്ചിലെ കണക്ക് അനുസരിച്ച് 1.05 ലക്ഷം ഇക്വിറ്റി ഷെയറുകളാണ് കെഎൽപിയുടെ കൈവശം ഉണ്ടായിരുന്നത്. കെഎൽപി നിക്ഷേപം പിൻവലിച്ചതിനെ തുടർന്ന് 3.26 ശതമാനം ഇടിവാണ് അദാനി പോർട്ട്സിന് ഓഹരി വിപണിയിൽ ബുധനാഴ്ച നേരിട്ടത്. 

നോർവീജിയൻ കമ്പനി നിക്ഷേപം പിൻവലിച്ചതിന്‍റെ പശ്ചാത്തലത്തില്‍ മ്യാൻമറിന് മേലുള്ള അമേരിക്കയുടെ ഉപരോധ നടപടികൾക്ക് അനുസൃതമായാണോ കമ്പനി പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.  ഉപരോധ നടപടികളുടെ ലംഘനം കണ്ടെത്തിയാൽ മ്യാൻമറിലെ നിക്ഷേപങ്ങള്‍ പിൻവലിക്കുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. യുഎസ് ഫോറിൻ അസറ്റ് കൺ‌ട്രോൾ ഓഫിസ് ആണ് പട്ടാള അട്ടിമറിയെ തുടർന്ന് മ്യാൻമറിന് മേൽ ഉപരോധം ഏർപ്പെടുത്തിയത്.

Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News