കുർനൂൽ ബസ് അപകടം; യഥാർത്ഥ വില്ലൻ മൊബൈൽ ഫോൺ ബോക്‌സുകളോ? അപകടസമയത്ത് ബസിനകത്ത് ഉണ്ടായിരുന്നത് 400 മൊബൈൽ ഫോണുകളടങ്ങിയ ബോക്‌സ്

'ബസിന്റെ എമർജൻസി എക്‌സിറ്റുകൾ പ്രവർത്തനക്ഷമമല്ലായിരുന്നു,സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഇലക്ട്രിക്കൽ മോഡിഫിക്കേഷൻസും ബസിൽ കണ്ടെത്തിയിട്ടുണ്ട്'

Update: 2025-10-25 09:43 GMT

കുർനൂൽ: 20 പേർ മരിച്ച കുർനൂൽ ബസ് അപകടത്തിന്റെ അന്വേഷണങ്ങൾ പുരോഗമിക്കവേ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. അപകടസമയത്ത് 400 ലേറെ മൊബൈൽ ഫോണുകൾ അടങ്ങിയ ബോക്‌സ് ബസിൽ ഉണ്ടായിരുന്നു എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. പ്രധാനപ്പെട്ട ഒരു ഇ കൊമേഴ്‌സ് സ്ഥാപനം ഹൈദരാബാദിൽ നിന്ന് ബാംഗളൂരുവിലേക്ക് കൊടുത്തയച്ചതായിരുന്നു ഫോൺ അടങ്ങിയ ബോക്സ്. അപകടം ഉണ്ടായ തീപിടുത്തം ഉണ്ടായതോടെ ഈ ബാറ്ററികൾ പൊട്ടിത്തെറിച്ചു എന്നും അപകടത്തിന്റെ വ്യാപ്തി വർധിക്കാൻ ഇത് കാരണമായി എന്നുമാണ് കണ്ടെത്തൽ.

ബസിൽ ഇടിച്ച ബൈക്കിന്റെ ഇന്ധനടാങ്കിൽ നിന്നാണ് തീപടർന്നത് എന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. തീ ആളിപ്പടരുന്നതിന് മൊബൈൽ ബാറ്ററികൾ കാരണമായി എന്നാണ് വിലയിരുത്തുന്നത്. അപകടത്തിൽപ്പെട്ട കാവേരി ട്രാവൽസിന്റെ ബസിന് ഗുരുതരമായ സുരക്ഷവീഴ്ച സംഭവിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബസിന്റെ എമർജൻസി എക്‌സിറ്റുകൾ പ്രവർത്തനക്ഷമമല്ലായിരുന്നു. വേണ്ടത്ര സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഇലക്ട്രിക്കൽ മോഡിഫിക്കേഷൻസ് ബസിൽ നടത്തിയിരുന്നുവെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ തീപടരുന്നത് അപൂർവ്വമായി സംഭവിക്കുന്ന ഒന്നല്ലെങ്കിലും മരണസംഖ്യ കൂടുന്നതിന് കാരണം ബസിന്റെ സുരക്ഷ വീഴ്ചയാണെന്നാണ് വിദഗ്ധർ പറയുന്നത്.

അപകടത്തിന് പിന്നാലെ സർക്കാർ, സ്വകാര്യവാഹനങ്ങളിലെ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. സ്വകാര്യബസുകളിലെ ഇലക്ട്രിക്കൽ സംവിധാനങ്ങൾ പരിശോധിക്കുന്നതിനും അനധികൃതമായ വർക്ക്‌ഷോപ്പുകൾക്കെതിരെ നടപടി എടുക്കാനും ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെയാണ് ഹൈദരാബാദിൽ നിന്ന് ബംഗളുരുവിലേക്ക് പോയ ബസ് കത്തി 20 പേർ മരിച്ചത്. അപകടസമയത്ത് 42 പേർ ബസിലുണ്ടായിരുന്നു എന്നാണ് വിവരം.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News