ലഖിംപൂര്‍ ഖേരി; തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് യോഗി ആദിത്യനാഥ്

ദുഖിതരായ കുടുംബങ്ങളെ കാണാൻ പോകുന്ന പ്രതിപക്ഷ നേതാക്കളുടെ ലക്ഷ്യം സദുദ്ദേശപരമല്ലെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു

Update: 2021-10-09 03:43 GMT
Editor : Nisri MK | By : Web Desk

ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക കൊലയില്‍ തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദുഖിതരായ കുടുംബങ്ങളെ കാണാൻ പോകുന്ന പ്രതിപക്ഷ നേതാക്കളുടെ ലക്ഷ്യം സദുദ്ദേശപരമല്ലെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു .

"നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്. സുപ്രീം കോടതിയ്ക്ക് തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യാന്‍ പറയാന്‍ കഴിയില്ല. അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറ്റവാളികള്‍ ആരും രക്ഷപ്പെടില്ല."- സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച കോൺക്ലേവില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

Advertising
Advertising

"ജനാധിപത്യത്തില്‍ അക്രമത്തിനു സ്ഥാനമില്ല, എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പാക്കാനാണ് നിയമങ്ങള്‍ ഉള്ളത്, ആര്‍ക്കും നിയമം കൈയിലെടുക്കാന്‍ അധികാരമില്ല. സമാധാനവും ഐക്യവും നിലനിർത്തുക എന്നതിലാണ് സർക്കാരിന് മുൻഗണന. ഖേരിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരിൽ പല മുഖങ്ങളും സംഭവത്തിന് പിന്നിലുണ്ട്. അന്വേഷണത്തിന് ശേഷം കാര്യങ്ങൾ വ്യക്തമാകും," മുഖ്യമന്ത്രി പറഞ്ഞു.

"ആശിഷ് മിശ്ര കര്‍ഷകര്‍ക്കു നേരെ വാഹനം ഓടിച്ചു കയറ്റുന്ന വീഡിയോ ഇല്ല, ഞങ്ങൾ നമ്പറുകൾ നൽകിയിട്ടുണ്ട്, ആരുടെയെങ്കിലും കൈയില്‍ തെളിവുകൾ ഉണ്ടെങ്കില്‍ അവർക്ക് അത് അപ്‌ലോഡ് ചെയ്യാൻ കഴിയും. അതോടെ എല്ലാം വ്യക്തമാകും."- ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണത്തിൽ ആദിത്യനാഥ് പറഞ്ഞു. ആരോപണങ്ങളുടെ പേരില്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കർഷക പ്രതിഷേധത്തിനെതിരായ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെയും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്‍റെയും പ്രസംഗങ്ങൾ ജനങ്ങൾക്കിടയിൽ രോഷം ഉളവാക്കിയതില്‍ ആദിത്യനാഥിന്‍റെ പ്രതികരണം ഇങ്ങനെ: "രാഷ്ട്രീയ പ്രഭാഷണങ്ങളിൽ അത്തരം പ്രസ്താവനകൾക്ക് അർത്ഥമില്ല, കാരണം അവ സാഹചര്യങ്ങള്‍ക്കനുസരിച്ച് പറയുന്നതാണ്. എന്നിരുന്നാലും, നേതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റ് പാർട്ടി നേതാക്കൾ അത്തരം രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്നതിനാൽ ഇത് ബിജെപി നേതാക്കളിൽ മാത്രമായി പരിമിതപ്പെടുന്നില്ല. എന്നാലും ആർക്കും നിയമം കൈകളിലെടുത്ത് മറ്റുള്ളവരെ കൊല്ലാന്‍ അധികാരമില്ല, "അദ്ദേഹം പറഞ്ഞു.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News