വന്ദേഭാരതിലെ തൈരില്‍ പുഴുക്കള്‍, കുങ്കുമപ്പൂവെന്ന് ജീവനക്കാരന്‍; ഐആര്‍സിടിസിക്ക് 10 ലക്ഷം പിഴ, കരാറുകാരന് 50 ലക്ഷം

പ്രീമിയം ട്രെയിന്‍ സര്‍വിസ് എന്ന നിലയില്‍ കൊണ്ടുവന്ന വന്ദേഭാരതില്‍ മോശം ഭക്ഷണം വിതരണം ചെയ്തത് റെയില്‍വേക്ക് വലിയ നാണക്കേടായിരുന്നു

Update: 2026-03-26 08:28 GMT

ന്യൂഡല്‍ഹി: വന്ദേഭാരത് എക്‌സ്പ്രസില്‍ പുഴുക്കള്‍ നുരയ്ക്കുന്ന ഭക്ഷണം വിതരണം ചെയ്ത സംഭവത്തില്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന് (ഐആര്‍സിടിസി) 10 ലക്ഷം രൂപ പിഴയിട്ട് റെയില്‍ മന്ത്രാലയം. ഭക്ഷണവിതരണത്തിന്റെ കരാര്‍ കമ്പനിക്ക് 50 ലക്ഷം രൂപയും പിഴയിട്ടിട്ടുണ്ട്. പ്രീമിയം ട്രെയിന്‍ സര്‍വിസ് എന്ന നിലയില്‍ കൊണ്ടുവന്ന വന്ദേഭാരതില്‍ മോശം ഭക്ഷണം വിതരണം ചെയ്തത് റെയില്‍വേക്ക് വലിയ നാണക്കേടായിരുന്നു.

മാര്‍ച്ച് 15ന് പാട്‌ന-ടാറ്റാനഗര്‍ വന്ദേഭാരത് എക്‌സ്പ്രസില്‍ യാത്രചെയ്തയാള്‍ക്കാണ് പുഴുവരിക്കുന്ന ഭക്ഷണം ലഭിച്ചത്. തൈരിലെ പുഴുക്കളെ കാണിച്ചുകൊടുത്തപ്പോള്‍ വന്ദേഭാരതിലെ ജീവനക്കാരന്‍ കുങ്കുമപ്പൂക്കളാണെന്ന് പറഞ്ഞ് ന്യായീകരിക്കാനായിരുന്നു ശ്രമിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്നാണ് ഭക്ഷണപ്പാത്രത്തില്‍ മുഴുവനായി പുഴുക്കളുള്ളത് യാത്രക്കാരന്‍ കാണിച്ചുകൊടുത്തത്. 

Advertising
Advertising


സംഭവത്തെ തുടര്‍ന്ന് യാത്രക്കാരന്‍ റെയില്‍ മന്ത്രാലയത്തിന് പരാതി നല്‍കുകയായിരുന്നു. വന്ദേഭാരതില്‍ മോശം ഭക്ഷണം വിതരണം ചെയ്തത് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് റെയില്‍വേ പ്രതികരിച്ചു. തുടര്‍ന്നാണ് ഐആര്‍സിടിസിക്ക് 10 ലക്ഷം രൂപയും ഭക്ഷണവിതരണത്തിന്റെ കരാര്‍ കമ്പനിക്ക് 50 ലക്ഷം രൂപയും പിഴയിട്ടത്. യാത്രക്കാരുടെ സുരക്ഷയും ഉന്നത ഗുണനിലവാരം നിലനിര്‍ത്തലും വളരെ പ്രധാനപ്പെട്ടതാണെന്ന് റെയില്‍ മന്ത്രാലയം വ്യക്തമാക്കി.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News