ഷഹീൻബാഗിൽ കെട്ടിടം പൊളിക്കാനെത്തിയ ബുൾഡോസറുകള്‍ നാട്ടുകാർ തടഞ്ഞു

നിലത്ത് കിടന്നുകൊണ്ട് ആളുകള്‍ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്.

Update: 2022-05-09 06:26 GMT
Advertising

ഷഹീൻബാഗിൽ കെട്ടിടം പൊളിക്കാനെത്തിയ ബുൾഡോസറുകള്‍ നാട്ടുകാർ തടഞ്ഞു. നിലത്ത് കിടന്നുകൊണ്ട് ആളുകള്‍ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്. വൻ പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. അതേസമയം സൗത്ത് ഡൽഹി കോർപ്പറേഷനിലെ പൊളിക്കൽ നടപടികള്‍ ചീഫ് ജസ്റ്റിസിന് മുൻപിൽ അഭിഭാഷകർ അവതരിപ്പിച്ചു. നാഗേശ്വർ റാവുവിൻ്റെ ബെഞ്ചിന് മുന്നിൽ വിഷയം അവതരിപ്പിക്കാനാണ് അഭിഭാഷകർക്ക് അനുമതി ലഭിച്ചത്. എന്നാല്‍ നടപടിക്രമങ്ങൾ പാലിച്ചാണ് പൊളിക്കാനെത്തിയതെന്നാണ് കോർപ്പറേഷന്‍റെ വാദം.

കഴിഞ്ഞ മാസം 21ന് പൊളിക്കലിനെതിരായ ഹരജികൾ പരിഗണിച്ച കോടതി തൽസ്ഥിതി തുടരാനും എല്ലാ കക്ഷികൾക്കും നോട്ടീസ് അയക്കാനും ഉത്തരവിട്ടിരുന്നു. നിയമങ്ങൾ പാലിച്ചാണ് കെട്ടിടം പൊളിക്കുന്നതെന്നും പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെക്കുന്നുവെന്ന ഹരജിക്കാരുടെ വാദം പച്ചക്കള്ളമാണെന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം. മധ്യപ്രദേശിൽ വിവിധ മത വിഭാഗത്തിൽ നിന്നുള്ളവരുടെ വീടുകൾ പൊളിച്ചിരുന്നുവെന്ന കണക്കും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ സമർപ്പിച്ചു. എന്നാൽ കോടതി ഉത്തരവുണ്ടായിട്ടും പൊളിക്കൽ നടപടികൾ തുടർന്നോ എന്ന ചോദ്യത്തിന് കേന്ദ്രം മറുപടി നൽകിയില്ല. ഇക്കാര്യം അതീവ ഗൌരവതരമാണെന്ന് ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. രാജ്യത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും കോടതി വിശദമായി നോക്കിക്കാണുന്നുണ്ടെന്നും ബെഞ്ച് താക്കീത് നൽകി. നഷ്ടപരിഹാരം നൽകണമെന്ന ഹരജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തിനും ഹരജിക്കാർക്കും കോടതി നിർദേശം നൽകിയിരുന്നു.

ഹനുമാന്‍ ജയന്തി ദിനത്തില്‍ സംഘര്‍ഷമുണ്ടായ ജഹാംഗീര്‍പുരിയില്‍ മുന്നറിയിപ്പില്ലാതെയാണ് കിഴക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങിയത്. കെട്ടിടം പൊളിക്കുന്നതിന് 14 ദിവസം മുന്‍പ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കണമെന്ന നടപടി പോലും ഡല്‍ഹി കോര്‍പ്പറേഷന്‍ പാലിച്ചിരുന്നില്ല. ഇത് ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജംഇയത്തുല്‍ ഉലമ ഹിന്ദ് ഉള്‍പ്പെടുള്ളവര്‍ സുപ്രിംകോടതിയെ സമീപിച്ചത്.


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News