ലോക്സഭാ തെരഞ്ഞെടുപ്പ് സഖ്യം; രണ്ടുദിവസത്തിനകം തീരുമാനമെന്ന് കമൽ ഹാസൻ

'ഇൻഡ്യ 'മുന്നണിയുമായി സഹകരിക്കുമെന്ന് റിപ്പോർട്ടുകൾ

Update: 2024-02-19 14:09 GMT
Editor : Lissy P | By : Web Desk
Advertising

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് രണ്ടു ദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കുമെന്ന് മക്കൾ നീതിമയ്യം നേതാവ് കമൽ ഹാസൻ. തെരഞ്ഞെടുപ്പിൽ 'ഇൻഡ്യ 'മുന്നണിയുമായി സഹകരിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് കമൽ ഹാസന്റെ പ്രതികരണം.

പാർട്ടിയുടെ ഏഴാം സ്ഥാപകദിനായ ബുധനാഴ്ച പാർട്ടിയുടെ ലോക്സഭാ തെരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച് വ്യക്തമാക്കുമെന്നാണ് കമൽ പ്രഖ്യാപിച്ചിരിക്കുന്നത്. 'തഗ് ലൈഫ്' എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി രാവിലെ ചെന്നൈയിൽ തിരിച്ചെത്തിയ ഘട്ടത്തിലാണ് കമൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

തമിഴ്നാട്ടിൽ ഡിഎംകെ നയിക്കുന്ന 'ഇൻഡ്യ' സഖ്യത്തിന്റെ ഭാഗമാകുമെന്ന സൂചന മാസങ്ങൾക്കു മുൻപ് തന്നെ കമൽ ഹാസൻ സൂചിപ്പിച്ചിരുന്നു. പാർട്ടി രൂപീകരണവാർഷികത്തോടനുബന്ധിച്ച് തന്നെ മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി സീറ്റ് വിഭജനം സംബന്ധിച്ച് കമൽ ഹാസൻ ചർച്ച നടത്തുമെന്നും വിവരമുണ്ട്.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യവുമായി സഖ്യം രൂപീകരിക്കുമെന്ന് ഉദയനിധി സ്റ്റാലിനും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മ പരാമർശമടക്കമുള്ള സമകാലിക സംഭവങ്ങളിൽ ഡിഎംകെയ്ക്കൊപ്പമായിരുന്നു കമൽ ഹാസൻ.  കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് രൂപീകരിച്ച മക്കൾ നീതിമയ്യത്തിന് ഇതുവരെ തെരഞ്ഞെടുപ്പിൽ കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല. ഇത്തവണ 'ഇൻഡ്യ' മുന്നണിയുടെ ഭാഗമായി ഒരു ലോക്സഭാ സീറ്റ് കമലിന്‍റെ പാർട്ടിക്ക് ലഭിക്കുമെന്നാണ് വിവരം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News