സീറ്റ് ചര്‍ച്ച വേഗത്തിലാക്കി മുന്നണികള്‍; കീറാമുട്ടിയായി മഹാരാഷ്ട്ര, മുന്നണിയില്‍ പിടിമുറുക്കി ബിജെപി

എന്‍.ഡിഎയ്ക്കും ഇന്‍ഡ്യ മുന്നണിക്കും തലവേദനയാകുന്നത് മഹാരാഷ്ട്രയാണ്

Update: 2024-03-17 01:09 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ ധാരണയാകാത്ത സീറ്റുകളില്‍ ചര്‍ച്ച തകൃതിയായി. അതേസമയം, എന്‍.ഡിഎയ്ക്കും ഇന്‍ഡ്യ മുന്നണിക്കും തലവേദനയാകുന്നത് മഹാരാഷ്ട്രയാണ്. ഇന്നോ നാളെയോ അന്തിമധാരണയില്‍ എത്തിക്കാനാണ് ഇരുമുന്നണികളുടെയും ശ്രമം. യുപി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റ് മഹാരാഷ്ട്രയിലാണ്. രണ്ടു മുന്നണിയിലും മൂന്നു വീതം പ്രധാനപാര്‍ട്ടികള്‍ ഉള്ളതിനാല്‍, ആകെയുള്ള 48 സീറ്റ് എങ്ങനെ വിഭജിക്കുമെന്ന തര്‍ക്കമാണ് തുടരുന്നത്. കോണ്‍ഗ്രസ് വിട്ടുവീഴ്ച കാണിച്ചതോടെ ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയും ശരത് പവാര്‍ വിഭാഗം എന്‍സിപിയും സമവായത്തിന്റെ കരയ്ക്ക് അടിഞ്ഞിട്ടുണ്ട്. പ്രകാശ് അംബേദ്ക്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡിയ്ക്കും ഇവര്‍ സീറ്റ് നല്‍കുന്നുണ്ട്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയ്ക്ക് 13 സീറ്റും അജിത് പവാര്‍ പക്ഷ എന്‍സിപിക്ക് അഞ്ച് സീറ്റും മാറ്റിവച്ചതിലെ തര്‍ക്കം ബിജെപി പാളയത്തില്‍ ഇപ്പോഴും തുടരുകയാണ്.

ഒഡീഷയില്‍ ബിജെഡിക്ക് നിയമസഭയില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കി, ലോക്‌സഭയിലെ സീറ്റുകള്‍ പിടിച്ചു വാങ്ങാനാണ് ബിജെപിയുടെ ശ്രമം. ഇത്തവണ നിയമസഭയില്‍ ജയിച്ചാല്‍ ഏറ്റവും കൂടുതല്‍കാലം സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി എന്ന പദവിയിലേക്ക് നവീന്‍ പട്നയ്ക്കിന് നടന്നുകയറാന്‍ കഴിയും. ഈ റെക്കോഡിലേക്ക് ഇനി 155 ദിവസം മാത്രമാണ് മുന്നില്‍. ഈ സഖ്യം സാധ്യമാകണമെങ്കില്‍ ലോക്‌സഭയിലെ സിറ്റിംഗ് സീറ്റ് പോലും ബിജെപിക്ക് വിട്ടുകൊടുക്കേണ്ടിവരും.

ആന്ധ്രാപ്രദേശില്‍ ടിഡിപി, ജനസേന പാര്‍ട്ടികളുമായി ബിജെപി ധാരണയില്‍ എത്തിക്കഴിഞ്ഞു. ബിഹാറില്‍ നിതീഷ് കുമാറിന്റെ മുന്നണി മാറ്റം, എന്‍ഡിഎ യിലെ സീറ്റ് വിഭജനത്തെ പ്രതിസന്ധിയിലാക്കി. നിതീഷിനോട് ഇടഞ്ഞു ഏതെങ്കിലും ചെറുപാര്‍ട്ടികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഇന്‍ഡ്യമുന്നണി.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News