ഏകീകൃത സിവില്‍ കോഡ് രാജ്യത്തെ അസ്വസ്ഥമാക്കും; ജനങ്ങള്‍ ബി.ജെ.പിയെ ഒരു പാഠം പഠിപ്പിക്കും: എം.കെ. സ്റ്റാലിന്‍

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നുണ്ടെങ്കില്‍ ആദ്യം ഹിന്ദു മതത്തില്‍ കൊണ്ടുവരട്ടേയെന്നും, ഭരണഘടന എല്ലാ മതങ്ങള്‍ക്കും സംരക്ഷണം നല്‍കിയിരിക്കുന്നതുകൊണ്ട് ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യമില്ലെന്നും നേരത്തെ തന്നെ ഡി.എം.കെ പ്രതികരിച്ചിരുന്നു

Update: 2023-06-29 11:16 GMT
Advertising

ചെന്നൈ: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ രൂക്ഷമായി പ്രതികരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിന്‍. ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് കടുത്ത അസ്വസ്ഥത സൃഷ്ടിക്കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഡി.എം.കെ പ്രവര്‍ത്തകരുടെ കുടുംബ സംഗമത്തില്‍ വെച്ചാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ സ്റ്റാലിന്‍ സംസാരിച്ചത്.

'രാജ്യത്ത് രണ്ട് തരം നിയമം പാടില്ലെന്നാണ് മോദി പറയുന്നത്. മതത്തിന്റെ പേരില്‍ അസ്വസ്ഥത സൃഷ്ടിച്ച്, ആളുകള്‍ക്കിടയില്‍ ആശങ്കയും സംശയവുമുണ്ടാക്കി വിജയം നേടാമെന്നാണ് അദ്ദേഹം വിചാരിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ ഇതിനെല്ലാമുള്ള മറുപടിയായി, ജനങ്ങള്‍ ബി.ജെ.പിയെ പാഠം പഠിപ്പിക്കും,' സ്റ്റാലിന്‍ പറഞ്ഞു.

പട്‌നയില്‍ നടന്ന പ്രതിപക്ഷ യോഗം മോദിയെ വല്ലാതെ അസ്വസ്ഥതപ്പെടുത്തിയിട്ടുണ്ടെന്നും അതിന്റെ പ്രതിഫലനാണ് ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ടതടക്കമുള്ള പ്രസ്താവനകളെന്നും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.

ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഡി.എം.കെ പ്രതികരിച്ചിരുന്നു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നുണ്ടെങ്കില്‍ ആദ്യം ഹിന്ദു മതത്തില്‍ കൊണ്ടുവരട്ടേയെന്നും, ഭരണഘടന എല്ലാ മതങ്ങള്‍ക്കും സംരക്ഷണം നല്‍കിയിരിക്കുന്നതുകൊണ്ട് ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യമില്ലെന്നുമാണ് ഡി.എം.കെ പ്രതികരിച്ചിരുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു ഏകീകൃത സിവില്‍ കോഡിനെ ന്യായീകരിച്ചും അത്തരം ഒരു നിയമത്തിലേക്ക് രാജ്യം നീങ്ങേണ്ടത് അനിവാര്യമാണെന്ന് പറഞ്ഞുകൊണ്ടും മോദി രംഗത്തുവന്നത്. ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു മോദിയുടെ പരാമര്‍ശം.

ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്ക് വ്യത്യസ്ത നിയമങ്ങള്‍ എന്നത് ശരിയല്ലെന്നും ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നുമായിരുന്നു മോദി പ്രസംഗത്തില്‍ പറഞ്ഞത്.

മോദിയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധവുമായി വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. മണിപ്പൂര്‍ കലാപമടക്കം രാജ്യം നേരിടുന്ന വലിയ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് മോദി നടത്തുന്നതെന്നും ഇവര്‍ വിമര്‍ശനമുന്നയിക്കുന്നു.

Tags:    

Writer - അന്ന കീര്‍ത്തി ജോര്‍ജ്

contributor

Editor - അന്ന കീര്‍ത്തി ജോര്‍ജ്

contributor

By - Web Desk

contributor

Similar News