ഹോളി ആഘോഷിച്ചവർ നോമ്പ് മുറിപ്പിച്ചെന്ന് മുസ്‌ലിം ഡ്രൈവർ

സംഭവത്തിൽ അജ്ഞാതരായ അഞ്ച് പേർക്കെതിരെ കേസെടുത്തതായി ഹേറ്റ് ഡിറ്റക്ടർ

Update: 2024-03-26 16:09 GMT

താനെ: ഹോളി ആഘോഷിച്ചവർ ആക്രമണം നടത്തി നോമ്പ് മുറിപ്പിച്ചെന്ന് മുസ്‌ലിം ഡ്രൈവർ. മഹാരാഷ്ട്രയിലെ താനെയിൽ തിങ്കളാഴ്ചയാണ് സംഭവം. ഓട്ടോറിക്ഷയിൽ യാത്രക്കാരിയുമായി പോകവേ നിറങ്ങളും വെള്ളവുമെറിഞ്ഞ് നോമ്പ് മുറിപ്പിച്ചെന്ന് ഡ്രൈവറായ ഖാൻ മുഹമ്മദ് ഖാദിറാണ് ആരോപിച്ചത്. യാത്രക്കാരിയുമായി കൽവയിൽനിന്ന് ഖരേഗാവിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവമെന്നും പറഞ്ഞു.

'കൽവയിലെ ഡിമാർട്ട് ഏരിയയിൽ നിന്ന് ഞാൻ യാത്രക്കാരിയെ കയറ്റി, അവരെ ഖരേഗാവിൽ വിടാൻ പോകുകയായിരുന്നു. ഞങ്ങൾ ഖരേഗാവ് നാക ഏരിയയിലൂടെ പോകുമ്പോൾ നാലോ അഞ്ചോ അജ്ഞാതർ എന്റെ ഓട്ടോ തടഞ്ഞുനിർത്തി ബലമായി നിറങ്ങൾ എറിഞ്ഞു. നോമ്പനുഷ്ഠിക്കുന്നുവെന്ന് ഞാൻ അവരോട് പറഞ്ഞെങ്കിലും അവർ ചെവിക്കൊണ്ടില്ല' കൽവ നിവാസിയായ ഖാദിർ പറഞ്ഞു. ബലം പ്രയോഗിച്ച് തന്റെ ചുണ്ടിലും മുഖത്തും ഛായം തേച്ചതായും പറഞ്ഞു. ഖാദിറിന്റെ ഓട്ടോയുടെ ഗ്ലാസും സംഘം തകർത്തു.

Advertising
Advertising

ഭയന്ന യാത്രക്കാരി തങ്ങളെ വിട്ടയക്കണമെന്ന് അപേക്ഷിച്ചു. 'എനിക്ക് നോമ്പ് തുറക്കേണ്ടി വന്നു. അത് എനിക്ക് ബുദ്ധിമുട്ടുണ്ടാക്കി. പൊലീസ് നടപടിയെടുക്കണം' അദ്ദേഹം പറഞ്ഞു. കൽവ പൊലീസ് സ്‌റ്റേഷനിൽ പരാതിയും നൽകി. സംഭവത്തിൽ അജ്ഞാതരായ അഞ്ച് പേർക്കെതിരെ കേസെടുത്തതായി ഹേറ്റ് ഡിറ്റക്ടർ ട്വീറ്റ് ചെയ്തു. ഹോളി ആഘോഷത്തിനിടെ നേരത്തെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ഉത്തർപ്രദേശിലെ ബിജ്നോറിൽ ഹോളി ആഘോഷത്തിനിടെ മുസ്ലിം സ്ത്രീകൾ അപമാനിക്കപ്പെട്ടിരുന്നു. സംഭവത്തിൽ ഒരാൾ അറസ്റ്റിലാകുകയും ചെയ്തു. പ്രായപൂർത്തിയാവാത്ത മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു പുരുഷനും രണ്ട് സ്ത്രീകളും ബൈക്കിൽ പോകുമ്പോൾ ഹോളി ആഘോഷിക്കുന്ന ഒരു കൂട്ടം യുവാക്കൾ അവരുടെ ദേഹത്തേക്ക് പൈപ്പിൽ വെള്ളമടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

സ്ത്രീകൾ പ്രതിഷേധിച്ചെങ്കിലും അതിക്രമം തുടരുകയായിരുന്നു. ബക്കറ്റിൽ വെള്ളമെടുത്ത് ഇവരുടെ ദേഹത്ത് ഒഴിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. പുരുഷന്റെയും ഒരു സ്ത്രീയുടെയും മുഖത്ത് ബലം പ്രയോഗിച്ച് കളർ പൂശുകയും ചെയ്തിരുന്നു. സ്ത്രീകൾ പ്രതിഷേധിച്ചപ്പോൾ ഇത് 70 വർഷമായി നടക്കുന്ന ആചാരമാണെന്ന് അക്രമികൾ പറയുന്നതും വീഡിയോയിൽ കേൾക്കാം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News