ദുർഗാപൂജയിൽ ഗാന്ധിജിയെ അസുരനാക്കി ഹിന്ദു മഹാസഭ; വിവാദമായതോടെ പ്രതിമ മാറ്റി സംഘാടകർ

പൊലീസിന്റെ നിർദേശപ്രകാരമാണ് പ്രതിമയുടെ രൂപം മാറ്റാൻ സംഘാടകർ തയ്യാറായത്

Update: 2022-10-03 08:24 GMT
Editor : Lissy P | By : Web Desk
Advertising

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അഖിലേന്ത്യാ ഹിന്ദു മഹാസഭ സംഘടിപ്പിച്ച ദുർഗ്ഗാ പൂജയിൽ മഹാത്മാഗാന്ധിജിയെ അസുരനാക്കി ചിത്രീകരിച്ചു. പൂജയ്ക്കായി ഒരുക്കിയ പ്രതിമയിലാണ് രാഷ്ട്രപിതാവിനെയും ഉൾപ്പെടുത്തിയത്. ദുർഗാ ദേവി വധിച്ച അസുരന്റെ പ്രതിമയ്ക്കാണ് ഗാന്ധിജിയുടെ മുഖം നൽകിയത്. സംഭവം വിവാദമായതോടെ പ്രതിമ അസുരന്റെ രൂപത്തിലേക്ക് സംഘാടകർ മാറ്റി.

ഹിന്ദു മഹാ സഭയ്ക്ക് എതിരെ കൊൽക്കത്ത പൊലീസിന് നിരവധി പരാതികൾ ലഭിച്ചു.പൊലീസിന്റെ നിർദേശപ്രകാരമാണ് പ്രതിമയുടെ രൂപം മാറ്റാൻ സംഘാടകർ തയ്യാറായതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

അതേസമയം, ഗാന്ധിജിയെ യഥാർഥ അസുരനായാണ് കാണുന്നതെന്ന് അഖിലേന്ത്യാ ഹിന്ദു മഹാസഭയുടെ പശ്ചിമ ബംഗാൾ സംസ്ഥാന ഘടകത്തിന്റെ വർക്കിംഗ് പ്രസിഡന്റ് ചന്ദ്രചൂർ ഗോസ്വാമി പറഞ്ഞതായി 'ഇന്ത്യ ടുഡേ' റിപ്പോര്‍ട്ട് ചെയ്തു. 'അയാളാണ് യഥാർത്ഥ അസുരൻ. അതുകൊണ്ടാണ് ഞങ്ങൾ മൂർത്തിയെ ഇങ്ങനെ ഉണ്ടാക്കിയത്.'കേന്ദ്ര സർക്കാർ മഹാത്മാഗാന്ധിയെ പ്രോത്സാഹിപ്പിക്കുന്നു. മൂർത്തിയെ നീക്കം ചെയ്യാനും അത് മാറ്റാനും ഞങ്ങൾ നിർബന്ധിതരായി. ആഭ്യന്തര മന്ത്രാലയം ഞങ്ങളെ സമ്മർദ്ദത്തിലാക്കി. ഗാന്ധിയെ എല്ലായിടത്തുനിന്നും നീക്കം ചെയ്യാനും നേതാജി സുബാഷ് ചന്ദ്രബോസിനെയും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളെയും മുന്നിൽ നിർത്താനും ഞങ്ങൾ ആഗ്രഹിക്കുന്നു.' ഗോസ്വാമി പറഞ്ഞതായി ഇന്ത്യ ടുഡേ' റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അബദ്ധം സംഭവിച്ചതാണെന്നും ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മാറ്റിയെന്നും ചന്ദ്രചൂർ ഗോസ്വാമി പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവത്തിൽ തൃണമൂൽ കോൺഗ്രസ്, സിപിഐ-എം, കോൺഗ്രസ് തുടങ്ങിയവർ പ്രതിഷേധവുമായി രംഗത്തെത്തി.നടപടിയെ ബംഗാൾ പ്രവിശ്യാ ഹിന്ദു മഹാസഭയും അപലപിച്ചു. 'ഇത് ശ്രദ്ധിക്കപ്പെടാൻ വേണ്ടി മാത്രം ചെയ്യുന്നതാണ്. അവർ ഹിന്ദു മഹാസഭയാണെന്ന് അവകാശപ്പെടുന്നത് സങ്കടകരമാണെന്ന് ബംഗാൾ പ്രവിശ്യാ ഹിന്ദു മഹാസഭ നേതാവ് പറഞ്ഞു,

''ഇത് രാഷ്ട്രപിതാവിനോടുള്ള അപമാനമാണ്. ഇത് രാജ്യത്തെ ഓരോ പൗരനും അപമാനമാണ്. ഇത്തരമൊരു അപമാനത്തെക്കുറിച്ച് ബിജെപി എന്ത് പറയുമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന വക്താവ് കുനാൽ ഘോഷ് പ്രതികരിച്ചു. അതേസമയം, ബിജെപി സംസ്ഥാന  നേതൃത്വവും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News