'കിടപ്പിലാണെന്ന് പറഞ്ഞ് ജാമ്യം നേടി, എന്നിട്ട് മകള്‍ക്കായി പ്രചാരണം നടത്തുന്നു': നരോദപാട്യ കേസിലെ പ്രതിക്കെതിരെ മഹുവ മൊയ്ത്ര

നരോദപാട്യ കൂട്ടക്കൊല കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മനോജ് കുക്രാനിയെ കുറിച്ചാണ് പരാമര്‍ശം

Update: 2022-11-17 08:34 GMT
Advertising

ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം നേടിയ നരോദ്യപാട്യ കൂട്ടക്കൊല കേസിലെ പ്രതി ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. നരോദപാട്യ കൂട്ടക്കൊല കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മനോജ് കുക്രാനിയെ കുറിച്ചാണ് പരാമര്‍ശം. മകള്‍ പായലിനായി വോട്ട് തേടി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണ് മനോജ് കുക്രാനി.

"നരോദ പാട്യ കൂട്ടക്കൊല കേസില്‍ മനോജ് കുക്രാനി ശിക്ഷിക്കപ്പെട്ടു. പൂര്‍ണമായി കിടപ്പിലാണെന്ന് അപേക്ഷിച്ച് 2016 സെപ്തംബറിൽ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടി. ഇപ്പോള്‍ നരോദയിലെ ബി.ജെ.പി സ്ഥാനാർഥിയായ മകൾ പായലിന് വേണ്ടി പരസ്യ പ്രചാരണം നടത്തുന്നു. ജാമ്യം റദ്ദാക്കാൻ ഇരകളുടെ ബന്ധുക്കൾ എത്രയും വേഗം ഹൈക്കോടതിയെ സമീപിക്കണം"- എന്നാണ് മഹുവ മൊയ്ത്രയുടെ ട്വീറ്റ്.

97 മുസ്‌ലിംകൾ കൊല്ലപ്പെട്ട നരോദപാട്യ കേസിലെ 16 പ്രതികളിൽ ഒരാളാണ് മനോജ് കുക്രാനി. 2002ലാണ് സംഭവം നടന്നത്. മനോജ് കുക്രാനിയുടെയും മറ്റ് 15 പേരുടെയും ശിക്ഷ ഗുജറാത്ത് ഹൈക്കോടതി 2018ൽ ശരിവച്ചിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുക്രാനി ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യം നേടിയത്.

ബി.ജെ.പി പുറത്തുവിട്ട പട്ടികയില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണ് 30കാരിയായ പായല്‍. അനസ്തെറ്റിസ്റ്റാണ്- "പാർട്ടി എന്നിൽ വിശ്വാസമർപ്പിച്ച് ടിക്കറ്റ് നൽകിയതിൽ അതിയായ സന്തോഷമുണ്ട്. എന്‍റെ പിതാവ് 40 വർഷമാണ് ബി.ജെ.പിക്ക് നൽകിയത്. അമ്മയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഞാൻ പങ്കെടുത്തിട്ടുണ്ട്"- പായല്‍ പറഞ്ഞു. പായലിന്റെ അമ്മ രേഷ്മ അഹമ്മദാബാദിലെ സൈജ്പൂരിൽ നിന്നുള്ള ജനപ്രതിനിധിയാണ്.

1990 മുതല്‍ നരോദ സീറ്റില്‍ ബി.ജെ.പിയാണ് വിജയിക്കുന്നത്. 1998ല്‍ എം.എല്‍.എയായ മായ കൊട്നാനി 2002ലും 2007ലും മണ്ഡലം നിലനിര്‍ത്തി. 2012ല്‍ നിര്‍മല വധ്‍വനിയും 2017ല്‍ ബല്‍റാം തവനിയും വിജയിച്ചു.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News