അമിതവേഗത്തിലെത്തിയ ട്രക്ക് നിര്‍ത്തിയിട്ട ബസ് ഇടിച്ചുതെറിപ്പിച്ചു; റോഡില്‍ ഉറങ്ങിയ 18 പേര്‍ക്ക് ദാരുണാന്ത്യം
ബിഹാറില്‍ നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്. 19 പേര്‍ക്ക് പരിക്കേറ്റു.
നിർത്തിയിട്ട ഇരുനില ബസിനു മുന്നിൽ ഉറങ്ങിയ 18 തൊഴിലാളികൾക്കു മേൽ ചക്രങ്ങൾ കയറിയിറങ്ങി ദാരുണാന്ത്യം. അമിതവേഗത്തെ തുടർന്ന് നിയന്ത്രണം വിട്ട ട്രക്ക്, ബസ് ഇടിച്ചുതെറിപ്പിച്ചതിനെത്തുടര്‍ന്നാണ് അപകടമുണ്ടായത്. ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നോയിൽനിന്ന് 28 കിലോമീറ്റർ അകലെ ബാരബങ്കിയില്‍ പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. 19 തൊഴിലാളികൾക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബിഹാറിലെ സീതാമഢി, സഹർസ മേഖലകളിൽനിന്നുള്ളവരാണ് മരിച്ച തൊഴിലാളികൾ. ഹരിയാനയില്‍ നിന്നും മടങ്ങിവരികയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് രാത്രിയില്‍ ഹൈവേയില്‍ വെച്ച് കേടാവുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ നിര്‍ത്തിയിട്ട ബസിന് മുന്നിലായി വഴിയരികില്‍ കിടന്നുറങ്ങിയത്. ട്രക്ക് ആദ്യം ബസിന് പുറകില്‍ ഇടിച്ച്, പിന്നീട് ബസും ട്രക്കും തൊഴിലാളികള്‍ക്ക് മുകളിലൂടെ കയറിപ്പോവുകയായിരുന്നു.
ബസിനടിയിൽകുടുങ്ങിയവരെ ഏറെ വൈകിയാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് അതിഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുപി മുഖ്യമന്ത്രി ആദിത്യനാഥും സംഭവത്തില്‍ അനുശോചിച്ചു. പരിക്കേറ്റവർക്ക് സൌജന്യ ചികിത്സയും അനുബന്ധ സഹായവും നൽകണമെന്നും അദ്ദേഹം ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി