കന്നഡ നടിക്ക് നിരന്തരം അശ്ലീല സന്ദേശവും വിഡിയോയും; മലയാളി യുവാവ് അറസ്റ്റിൽ

വൈറ്റ്ഫീൽഡിൽ താമസിക്കുന്ന നവീൻ കെ. മോനാണ് പിടിയിലായത്

Update: 2025-11-04 06:23 GMT

ബംഗളുരു: ടെലിവിഷൻ താരത്തിന് സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങളും സ്വകാര്യ ഭാഗങ്ങളുടെ ദൃശ്യങ്ങളും  അയച്ച മലയാളി അറസ്റ്റിൽ. വൈറ്റ്ഫീൽഡിൽ താമസിക്കുന്ന നവീൻ കെ. മോനാണ് കന്നഡ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച കേസിൽ അറസ്റ്റിലായത്. സമൂഹമാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്ന പരാതിയെ തുടർന്നാണ് അറസ്റ്റ്. ഗ്ലോബൽ റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ ഡെലിവറി മാനേജരാണ് നവീൻ.

മാസങ്ങൾക്ക് മുമ്പാണ് സംഭവത്തിൻ്റെ തുടക്കം. കന്നഡ-തെലുങ്ക് ടെലിവിഷൻ പരിപാടികളിൽ സജീവമായ നടിയോട് ഇയാൾ 'നവീൻസ്' എന്ന ഫേസ്ബുക്ക് പ്രൊഫൈൽ വഴി സൗഹൃദാഭ്യർത്ഥന നടത്തി. എന്നാൽ, നടി അത് സ്വീകരിച്ചില്ല. ഇതിന് പിന്നാലെ അശ്ലീല സന്ദേശങ്ങളും ശരീരത്തിൻ്റെ സ്വകാര്യ ഭാഗങ്ങളുടെ ദൃശ്യങ്ങളും ഇയാൾ നടിക്ക് മെസഞ്ചർ വഴി അയക്കുകയായിരുന്നു. ഓരോ തവണ ഐഡി ബ്ലോക്ക് ചെയ്യുമ്പോഴും പുതിയ ഐഡി നിർമ്മിച്ച് മെസേജ് അയക്കുന്നത് നവീൻ തുടർന്നു.

നവംബർ ഒന്നിന് ഇയാൾ നടിയ്ക്ക് വീണ്ടും സന്ദേശമയച്ചു. ശല്യം സഹിക്കവയ്യാതെ നേരിട്ടുകാണാൻ നടി ഇയാളോട് ആവശ്യപ്പെട്ടു. നവീൻ നടിയെ കാണാൻ എത്തുകയും ചെയ്തു. ഇനി തനിക്ക് മെസേജ് അയക്കരുത് എന്ന് നടി താക്കീത് ചെയ്‌തെങ്കിലും കേൾക്കാൻ നവീൻ കൂട്ടാക്കിയില്ല. വീണ്ടും അശ്ലീല സന്ദേശം അയച്ചതോടെ നടി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ലൈംഗികാതിക്രമത്തിനും സമൂഹമാധ്യമം വഴി അധിക്ഷേപിച്ചു എന്നതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News