ബിരിയാണിക്കൊപ്പം അധികം സലാഡ് ചോദിച്ചു; 32കാരനെ ഹോട്ടൽ ജീവനക്കാരും മാനേജറും ചേർന്ന് മർദിച്ച് കൊന്നു

ഉപഭോക്താവും ഹോട്ടൽ ജീവനക്കാരും തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Update: 2023-09-11 16:44 GMT

ഹൈദരാബാദ്: ബിരിയാണിക്കൊപ്പം വിളമ്പുന്ന സലാഡ് അധികമായി ചോദിച്ചതിന് യുവാവിനെ ഹോട്ടൽ മാനേജറും ജീവനക്കാരും ചേർന്ന് മർദിച്ചു കൊന്നു. ഹൈദരാബാദിലെ പഞ്ച​ഗുട്ടയിലെ മെറിഡിയൻ റെസ്റ്റോറന്റിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. 32കാരനായ ലിയാഖത്ത് ആണ് കൊല്ലപ്പെട്ടത്.

ഉപഭോക്താവും ഹോട്ടൽ ജീവനക്കാരും തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സുഹൃത്തുക്കളോടൊപ്പം റെസ്റ്റോറന്റിൽ ബിരിയാണി കഴിക്കാനെത്തിയതായിരുന്നു ലിയാഖത്ത്. കുറച്ച് അധികം സലാഡ് ആവശ്യപ്പെട്ടതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരുമായി തർക്കമുണ്ടായി. തുടർന്ന് തർക്കം രൂക്ഷമാവുകയും അക്രമാസക്തമാവുകയും ചെയ്തു.

Advertising
Advertising

ഹോട്ടൽ മാനേജർ ഉൾപ്പെടെയുള്ള ജീവനക്കാർ ലിഖായത്തിനെ ക്രൂരമായി മർദിച്ചതായി ദൃക്‌സാക്ഷികളിൽ ഒരാൾ പറഞ്ഞു. മർദനത്തെ കുറിച്ച് അറിയിക്കാനായി രാത്രി 11 മണിയോടെ ലിയാഖത്ത് പഞ്ചഗുട്ട പൊലീസ് സ്റ്റേഷനിലെത്തി.

എന്നാൽ, കടുത്ത ശ്വാസംമുട്ടലും നെഞ്ചുവേദനയും അനുഭവപ്പെട്ട ലിയാഖത്ത് മിനിറ്റുകൾക്കകം തറയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. മൃതദേഹം പൊലീസ് പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News