ജാങ്കോ, ഞാൻ പെട്ടു...; യുപിയിൽ പുലിയെ പിടിക്കാൻ സ്ഥാപിച്ച കൂട്ടിൽ ആടിനെ മോഷ്ടിക്കാൻ കയറിയ കള്ളൻ കുടുങ്ങി

എന്തിനാണ് അകത്തുകയറിയതെന്ന ചോദ്യത്തിന്, കൂട് നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ കയറിയതാണെന്നായിരുന്നു ഇയാളുടെ വിചിത്ര വാദം.

Update: 2025-11-29 03:22 GMT

Photo| NDTV

ലഖ്നൗ: നാട്ടുകാർക്ക് തലവേദനയായ പുലിയെ പിടിക്കാൻ വനംവകുപ്പൊരു കൂട് സ്ഥാപിച്ചു. പുലി കയറാൻ കൂട്ടിലൊരു ആടിനെയും കെട്ടി. എന്നാൽ രാത്രി പുലി കുടുങ്ങുന്നതും നോക്കിയിരുന്ന നാട്ടുകാർ കൂട്ടിൽ കണ്ടത് ഒരാളെ. ആടിനെ മോഷ്ടിക്കാൻ അകത്തുകയറിയ ആളാണ് കൂട്ടിൽ കുടുങ്ങിയത്. ഉത്തർപ്രദേശിലെ ബഹ്റൈച്ചിലാണ് രസകരമായ സംഭവം.

ഉംറി ​ഗ്രാമത്തിലെ ഫഖർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞദിവസം രാത്രിയാണ് മോഷ്ടാവ് കുടുങ്ങിയത്. പ്രദേശവാസിയായ പ്രദീപ് കുമാറാണ് രാത്രി ​ഗ്രാമീണർ ഉറങ്ങിയ സമയം, ആടിനെ മോഷ്ടിക്കാനായി കൂട്ടിലേക്ക് നുഴഞ്ഞുകയറിയത്. എന്നാൽ കൂടിന്റെ ഓട്ടോമാറ്റിക് ഡോർ അടഞ്ഞതോടെ ഇയാൾ അകത്ത് പെട്ടു. ഒരുവിധത്തിലും പുറത്തിറങ്ങാനാവാത്ത അവസ്ഥ.

Advertising
Advertising

ഡോർ തുറക്കാൻ പലതവണ ശ്രമിച്ചിട്ടും നടക്കാതെവന്നതോടെ, മറ്റ് വഴികളില്ലാതെ ഇയാൾ പോക്കറ്റിലുണ്ടായിരുന്ന ഫോണെടുത്ത് പരിചയക്കാരെ വിളിച്ചു. വിവരമറിഞ്ഞ് നാട്ടുകാർ കൂടിനടുത്തേക്ക് പാഞ്ഞെത്തുകയും വനംവകുപ്പിനെ വിവരമറിയിക്കുകയും ചെയ്തു. ഇതോടെ, വനംവകുപ്പ് ഉദ്യോ​ഗസ്ഥരും സ്ഥലത്തെത്തി. പുലർച്ചെയോടെ കൂട് തുറന്ന ശേഷം കള്ളനെ പുറത്തിറങ്ങാൻ സഹായിക്കുകയായിരുന്നു.

എന്തിനാണ് അകത്തുകയറിയതെന്ന ഉദ്യോ​ഗസ്ഥരുടെ ചോദ്യത്തിന്, കൂട് നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ എന്നും ആട് സുരക്ഷിതനാണോ എന്നുമറിയാൻ കയറിയതാണെന്നായിരുന്നു ഇയാളുടെ വിചിത്ര വാദം.

രണ്ട് ദിവസം മുമ്പ് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടതിനെത്തുടർന്ന് വനംവകുപ്പ് പ്രദേശത്ത് നിരവധി കെണികൾ സ്ഥാപിച്ചിരുന്നു. ജീവനുള്ള ആടുകളെയും കൂട്ടിൽ ഇരയായി ഇട്ടു. ഇത്തരമൊരു കൂട്ടിലാണ് ഇയാൾ പെട്ടത്.

സംഭവം ചിരിക്കാനുള്ള വകുപ്പുണ്ടെങ്കിലും അത്യധികം അപകടകരമാണെന്ന് ഡിഎഫ്ഒ രാം സിംഗ് യാദവ് പ്രതികരിച്ചു. കൂടിന്റെ കട്ടിയുള്ള വാതിൽ ദേഹത്ത് പതിച്ചിരുന്നെങ്കിൽ ഗുരുതര പരിക്കുകൾ ഉണ്ടാകുമായിരുന്നെന്നും പുള്ളിപ്പുലി സമീപത്തുണ്ടായിരുന്നെങ്കിൽ പണി പാളിയേനെ എന്നും അദ്ദേഹം വ്യക്തമാക്കി. കൂടുകളുടെ അടുത്തുനിന്ന് മാറിനിൽക്കാൻ പ്രദേശവാസികളോട് അഭ്യർഥിച്ച അദ്ദേഹം, അത്തരം നീക്കങ്ങൾ പുലിയെ പിടിക്കാനുള്ള നീക്കത്തിന് തടസമാകുമെന്നും അറിയിച്ചു. 



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News