മുടി പിടിച്ച് മർദനം, നായയെ കൊണ്ട് കടിപ്പിച്ചു; യുപിയിൽ മുറ്റത്തേക്ക് പേരക്ക വീണതിന് ഏഴ് വയസുകാരനോട് അയൽക്കാരന്റെ ക്രൂരത
കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർക്ക് ഇയാളിൽ നിന്നും നേരിടേണ്ടിവന്നത് കടുത്ത അധിക്ഷേപവും മോശം പെരുമാറ്റവുമായിരുന്നു.
ലഖ്നൗ: കളിക്കുന്നതിനിടെ മുറ്റത്തേക്ക് പേരക്ക വീണതിന് ഏഴ് വയസുകാരനെ ക്രൂരമായി മർദിച്ചും വളർത്തുനായയെ കൊണ്ട് കടിപ്പിച്ചും അയൽവാസി. ഉത്തർപ്രദേശിലെ കാൺപൂരിൽ തിങ്കളാഴ്ചയാണ് സംഭവം.
യാഷ് ശുക്ലയെന്ന കുട്ടിക്ക് നേരെയാണ് അയൽവാസിയായ അമൻ കുശ്‌വാഹയുടെ ക്രൂരത. അമന്റെ വീടിന് പുറത്ത് കളിക്കുകയായിരുന്നു യാഷും കൂട്ടുകാരും. ഇതിനിടെ ഇവർ മുകളിലേക്കെറിഞ്ഞു കളിച്ച പേരക്ക അമന്റെ വീടിന്റെ മുറ്റത്തേക്ക് വീണു.
ഇതോടെ, രോഷാകുലനായ ഇയാൾ ഓടിയെത്തി കുട്ടിയെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോവുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. എന്നിട്ടും കോപമടങ്ങാത്ത ഇയാൾ കുട്ടിയെ വളർത്തുനായയെ കൊണ്ട് കടിപ്പിക്കുകയും ചെയ്തു.
യാഷിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർക്ക് ഇയാളിൽ നിന്നും നേരിടേണ്ടിവന്നത് കടുത്ത അധിക്ഷേപവും മോശം പെരുമാറ്റവുമായിരുന്നു. തുടർന്ന് അവർ കുട്ടിയേയും കൂട്ടി അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തുകയും പ്രതിക്കെതിരെ ശക്തമായ നടപടിയാവശ്യപ്പെടുകയും ചെയ്തു.
സംഭവത്തിൽ യാഷിന്റെ മാതാവ് സ്വാതി ശുക്ല പൊലീസിൽ പരാതി നൽകി. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതായും പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായും നൗബസ്ത അസി. കമ്മീഷണർ ചിത്രാൻഷു ഗൗതം പറഞ്ഞു. പ്രതിയെ ഉടൻ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.