'അച്ഛൻ പദവിയിലേക്ക് പ്രൊമോഷൻ'; കുഞ്ഞിനൊപ്പം സമയം ചെലവഴിക്കാൻ ഉയർന്ന ശമ്പളമുള്ള ജോലി വിട്ട് യുവാവ്

ജോലിയാവശ്യത്തിനായി നിരന്തരം യാത്ര ചെയ്യേണ്ടി വന്നതോടെ കുഞ്ഞിനൊപ്പം നേരം കിട്ടാതെയായി

Update: 2022-11-19 11:38 GMT
Editor : banuisahak | By : Web Desk

ജോലി പിന്നെയും നോക്കാം...ഈ നിമിഷങ്ങൾ, ഇത് പിന്നെ കിട്ടില്ലല്ലോ! കുഞ്ഞ് സ്പിതിയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ അങ്കിത് പറയുന്നു. ഐഐടി ഖരഗ്പൂരിൽ നിന്ന് ബിരുദം നേടിയ അങ്കിത് ജോഷിക്ക് അടുത്തിടെയാണ് ഒരു പെൺകുഞ്ഞ് പിറന്നത്. പിന്നാലെ ഉയർന്ന ശമ്പളമുള്ള തന്റെ ജോലി ഉപേക്ഷിച്ച് അങ്കിത് അവൾക്കൊപ്പം കൂടി. ഹ്യൂമൻസ് ഓഫ് ബോംബെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ വിചിത്ര തീരുമാനത്തെ കുറിച്ച് അങ്കിത് മനസ് തുറന്നത്. 

സീനിയർ വൈസ് പ്രസിഡന്റായി ഏതാനും മാസങ്ങൾക്ക് മുൻപാണ് പുതിയ ജോലിക്ക് കയറിയത്. എന്നാൽ, കുഞ്ഞ് ജനിച്ചതോടെ അവൾക്കൊപ്പം സമയം ചെലവഴിക്കാനുള്ള തിരക്കായിരുന്നു പിന്നെ. ജോലിയാവശ്യത്തിനായി നിരന്തരം യാത്ര ചെയ്യേണ്ടി വന്നതോടെ കുഞ്ഞിനൊപ്പം നേരം കിട്ടാതെയായി. അത് നഷ്ടപ്പെടുത്താൻ അങ്കിത് ഒരുക്കമായിരുന്നില്ല. അധികം ചിന്തിക്കാതെ തന്നെ ഉയർന്ന ശമ്പളമുള്ള ജോലി വിട്ട് കുഞ്ഞ് സ്പിതിയുടെ കളിചിരികളും കുറുമ്പും കണ്ട് അങ്കിത് വീട്ടിൽ തന്നെ നിന്നു. 

Advertising
Advertising

 ജോലി വിട്ടതോടെ പലരും എതിർപ്പുമായി എത്തി. മുന്നോട്ട് പോകുന്നത് ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് ആളുകൾ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, ഭാര്യ ആകാൻക്ഷയുടെ പിന്തുണ കൂടിയായതോടെ അങ്കിത് മറ്റൊന്നും കാര്യമാക്കിയില്ല. ''സ്പിതിയുടെ ജനനത്തിന് ശേഷം ഒരു ലോങ്ങ് ലീവിന് അപ്ലൈ ചെയ്‌തെങ്കിലും കമ്പനി അത് നിരസിച്ചു. ലീവ് നീട്ടാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെ കമ്പനിയോട് ഗുഡ് ബൈ പറയുകയായിരുന്നു"; അങ്കിത് പറഞ്ഞു. 

"അന്ന് മുതൽ ഇവളാണ് എന്റെ ജീവിതം. എന്റെ കൈകളിൽ താരാട്ട് പാടിയുറക്കുന്നതും അവൾ ഉണരുന്നതും..അങ്ങനെ സ്പിതിയോടൊപ്പമുള്ള എല്ലാ നിമിഷങ്ങളും ഞാൻ ആസ്വദിക്കുന്നുണ്ട്. സ്പിതി ജനിച്ചിട്ട് ഇപ്പോൾ ഒരു മാസം പിന്നിട്ടിരിക്കുന്നു. അവളാണ് എന്റെ ലോകം"; അങ്കിത് വികാരാധീതനായി. 

പ്രസവാവധിക്ക് ശേഷം ഭാര്യ ആകാൻക്ഷക്ക് മാനേജരായി പ്രൊമോഷൻ ലഭിച്ചു. കരിയറിലെ ഒരു അമ്മയെന്ന നിലയിലും അവൾ മികവ് പുലർത്തുന്നത് കാണുമ്പോൾ അഭിമാനമുണ്ട്. എന്തുകൊണ്ടാണ് പിതൃത്വ അവധികൾ ഇത്ര കുറവ്? കുഞ്ഞിന്റെ കാര്യത്തിൽ അമ്മക്ക് അച്ഛനെക്കാൾ കൂടുതൽ ഉത്തരവാദിത്തം ഉണ്ടെന്ന രീതിയാണിത്. ഒട്ടുമിക്ക കമ്പനികളും ഇങ്ങനെ ചെയ്യുന്നതിൽ നിരാശയുണ്ട്. കുഞ്ഞുമായുള്ള അച്ഛന്റെ ബന്ധം കുറയ്ക്കുക മാത്രമല്ല ഇത് ചെയ്യുന്നത് മറിച്ച് ഒരു കുഞ്ഞിനെ വളർത്തുന്നതിൽ അച്ഛന് ഉത്തരവാദിത്തം കുറവാണ് എന്ന ചിന്തയെ ഊട്ടിയുറപ്പിക്കുക കൂടിയാണ് ചെയ്യുന്നതെന്നും അങ്കിത് ചൂണ്ടിക്കാട്ടി. 

എന്തായാലും, ഇപ്പോൾ സ്പിതിക്കൊപ്പമുള്ള സമയം പരമാവധി പ്രയോജനപ്പെടുത്തുകയാണ് അങ്കിത്. അവളെ പരിചരിച്ചും അവൾക്കൊപ്പം കളിച്ചും അങ്കിത് ഇപ്പോൾ ഡബിൾ ഹാപ്പിയാണ്.  ഇപ്പോഴൊരു ജോലിയെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും കുറച്ച് നാൾ കഴിഞ്ഞ് പുതിയ ജോലി അന്വേഷിച്ച് തുടങ്ങുമെന്നും അങ്കിത് പറഞ്ഞു. 

 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News